cpm

കോഴിക്കോട്: വടകരയില്‍ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പീഡിപ്പിച്ച കേസിലെ പ്രതികളായ സി പി എം നേതാക്കള്‍ പിടിയില്‍. മുളിയേരി ബ്രാഞ്ച് സെക്രട്ടറി പി പി ബാബുരാജിനെയും ഡി വൈ എഫ്‌ ഐ മേഖലാ സെക്രട്ടറി ടി പി ലിജീഷിനെയും കരിമ്പനപ്പാലത്ത് നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ശനിയാഴ്‌ചയാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.

പരാതിക്കാരിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. വൈദ്യപരിശോധനയ്ക്കും ഇവരെ വിധേയമാക്കി. എന്നാല്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായി കെ കെ രമ എം എല്‍ എ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ പിടികൂടിയത്.

ഇതിനിടെ പ്രതികളെ രക്ഷപെടാന്‍ അനുവദിക്കരുതെന്ന ആവശ്യം പാര്‍ട്ടിക്കുള്ളിലും ശക്തമായിരുന്നു. നിരന്തര പീഡനം നടന്നിട്ടും കേസ് ഒത്തുതീര്‍പ്പാക്കാനാണ് പ്രാദേശിക നേതൃത്വത്തിലെ ചിലര്‍ ശ്രമിച്ചതെന്നാണ് ആക്ഷേപം ഉയർന്നത്. പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചതെന്നും സൂചനയുണ്ട്.