തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും ഉപാധികളില്ലാതെ കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകും. 18ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഒറ്റ വിഭാഗമായി കണക്കാക്കി വാക്‌സിൻ നൽകാനാണ് തീരുമാനം. ഗുരുതര രോഗികൾ അടക്കമുള്ള മുൻഗണനാ ഗ്രൂപ്പുകൾ നിലനിൽക്കും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വാക്‌സിൻ സൗജന്യ വിതരണം കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതോടെയാണ് ഇത്തരമൊരു തീരുമാനം.
രാജ്യത്ത് ജൂൺ 21 മുതൽ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കി വരികയാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ്. ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇതിന്‍റെ ഭാഗമായി വാക്‌സിന്‍ വിതരണം ഊര്‍ജിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കൊവിഡ് മൂന്നാം തരംഗം വൈകുമെന്ന നിഗമനത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. പ്രതിദിനം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തിന് വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. യഥേഷ്‌ടം വാക്‌സിന്‍ ലഭിക്കുന്ന പശ്ചാത്തലത്തില്‍ നിബന്ധനകള്‍ എടുത്ത് കളഞ്ഞ് എല്ലാവര്‍ക്കും വാക്‌സിന്‍ എളുപ്പം എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.