പട്ടിമറ്റം: അടിച്ച് ഫിറ്റായി വീടു വിട്ടിറങ്ങിയ കൊവിഡ് രോഗിയെ തേടി ആരോഗ്യവകുപ്പും പഞ്ചായത്തംഗങ്ങളും നാട്ടുകാരും പാതിരാത്രി കറങ്ങിയത് മൂന്നു മണിക്കൂറിലേറെ. ഒടുവിൽ കിഴക്കമ്പലത്ത് നിന്ന് കണ്ടെത്തിയ രോഗിയെ ഡി.സി.സിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പട്ടിമറ്റത്താണ് സംഭവം. ചെങ്ങര സ്വദേശിയായ മദ്ധ്യ വയസ്‌ക്കനും കുടുംബക്കാർക്കും കൊവിഡ് ബാധിച്ചിരുന്നു. വീട്ടിൽ നിന്നും ആർക്കും പുറത്ത് പോകാൻ പറ്റാത്ത അവസ്ഥ.
ഗൃഹനാഥന് ബെവ്കോ തുറന്നതോടെ രണ്ടെണ്ണം അടിക്കാതെ നിവർത്തിയില്ലാതായി. ഒടുവിൽ പട്ടിമറ്റത്തെ ഒരോട്ടോക്കാരന്റെ സഹായം തേടി. വീട്ടുകാരറിയാതെ സൗജന്യ കിറ്റെന്ന് തെറ്റിദ്ധരിപ്പിച്ച് പലചരക്ക് സാധനങ്ങൾ വാങ്ങി കിറ്റിലാക്കി ഒപ്പം ഒരു പൈന്റും വാങ്ങി കിറ്റിലിട്ട് കൊവിഡ് രോഗിക്ക് കൈമാറി. കിറ്റു കിട്ടിയ പാടെ പൈന്റ് അകത്താക്കിയ രോഗി രാത്രി പത്ത് മണിയോടെ വീടിവിട്ടിറങ്ങുകയായിരുന്നു. മദ്യ ലഹരിയിൽ തലക്കേറ്റ പെരുപ്പിൽ സ്ഥല കാല ബോധം ഇല്ലാതെ പൊതു റോഡിൽ കറങ്ങിയ ഇയാളെ കണ്ടതോടെ നാട്ടുകാരിൽ ചിലർ വിവരം പഞ്ചായത്തംഗത്തെ ധരിപ്പിച്ചു.
പഞ്ചായത്തംഗം ആരോഗ്യ വകുപ്പിലറിയിച്ചതോടെ പട്ടിമറ്റം സർക്കാർ ആശുപത്രിയിൽ നിന്നും കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിയെത്തി. എന്നാൽ വാഹനമില്ലെന്നും വരാനാളില്ലെന്നും പറഞ്ഞ് നൈറ്റ് ഡ്യൂട്ടിയിലുള്ള എ.എസ്.ഐ തടിതപ്പി. വിവരമറിഞ്ഞ് ആശുപത്രിയിലെ വനിതാ ഡോക്ടറടക്കം ഉദ്യോഗസ്ഥർ പാതിരാത്രി ആശുപത്രിയിൽ പാഞ്ഞെത്തി. ഡോക്ടർ നേരിട്ട് പൊലീസിനോട് വിഷയത്തിൽ ഇടപെടാൻ നിർദ്ദേശം നൽകിയെങ്കിലും കൊവിഡ് രോഗിക്ക് പിന്നാലെ പോകുന്നതല്ല പണിയെന്നു പറഞ്ഞ് പൊലീസ് വീണ്ടും തന്ത്രപൂർവം ഒഴിവായി. ഇതിനോടകം രോഗി പട്ടിമറ്റത്തു നിന്നും നടന്ന് കിഴക്കമ്പലം വരെയെത്തി.
പഞ്ചായത്തംഗവും നാട്ടുകാരും തൊട്ടു പിന്നാലെ കൂടിയെങ്കിലും പി.പി.ഇ കിറ്റില്ലാത്തതിനാൽ ആർക്കും രോഗിയെ പിടിക്കാനായില്ല. പിന്നീട് പെരിങ്ങാലക്കാരനായ മറ്റൊരു മെമ്പറെ വിളിച്ച് ആംബുലൻസും സന്നദ്ധസേവകരേയും ഏർപ്പാടാക്കി. അവർ പി.പി.ഇ കിറ്റിട്ടെത്തി കിഴക്കമ്പലത്തു നിന്നും രോഗിയെ പിടിച്ച് ആംബുലൻസിൽ കയറ്റി ഡി.സി.സിയിൽ എത്തിക്കുകയായിരുന്നു. കൊവിഡ് കേസുകളിൽ നീതിപൂർവമായ സഹകരിക്കേണ്ട കുന്നത്തുനാട് പൊലീസിലെ ഒരുദ്യോഗസ്ഥൻ കാണിച്ച അലംഭാവത്തിൽ ഡോക്ടറും പഞ്ചായത്തംഗങ്ങളും നാട്ടുകാരും രോഗിയെ ആശുപത്രിയിൽ എത്തിക്കും വരെ മണിക്കൂറുകളോളം മുൾമുനയിലായി.