ആലത്തൂർ: വിവാഹ പരസ്യം നൽകിയ ചിറ്റിലഞ്ചേരി സ്വദേശികളായ യുവാക്കളെ വധുവിന്റെ വീട്ടുകാരെന്ന വ്യാജേന കോയമ്പത്തൂർ പല്ലടത്തേക്ക് പെണ്ണുകാണാൻ വിളിച്ചുവരുത്തി സ്വർണവും പണവും കവർന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കഞ്ചിക്കോട് സ്വദേശിയായ ബിമൽ എന്ന ബിനീഷ് കുമാർ (44), തിരുപ്പൂർ സ്വദേശികളായ പ്രകാശൻ (40), വിഗ്‌നേഷ് (23), മണികണ്ഠൻ(25) എന്നിവരെയാണ് ആലത്തൂർ പൊലീസ് തിരുപ്പൂരിൽ നിന്ന് പിടികൂടിയത്.
ഇക്കഴിഞ്ഞ ഏപ്രിലായിരുന്നു കേസിനാസ്പദമായി സംഭവം. ചിറ്റിലഞ്ചേരി സ്വദേശികളായ രാമകൃഷ്ണനും സുഹൃത്ത് പ്രവീണുമാണ് തട്ടിപ്പിനിരയായത്. രാമകൃഷ്ണൻ വധുവിനെ ആവശ്യമുണ്ടെന്ന് കാണിച്ച് പത്രപരസ്യം നൽകിയിരുന്നു. കോയമ്പത്തൂർ പല്ലടത്ത് നിന്നും പരസ്യം കണ്ടിട്ട് വിവരം അന്വേഷിക്കാനെന്ന രീതിയിൽ ഒരാൾ വിളിച്ചു. തുടർന്ന് പെണ്ണുകാണാനും ക്ഷണിച്ചു.ഏപ്രിൽ ഒന്നിന് രാമകൃഷ്ണനും പ്രവീണുംചേർന്ന് പല്ലടത്തേക്ക് പോയി. ഒരുവീട്ടിൽ കൊണ്ടുപോയി ഇരുത്തിയശേഷം ഇവരെ അല്പസമയത്തിന് ശേഷം രണ്ടു പേരെത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവരുകയായിരുന്നു.
രാമകൃഷ്ണന്റെ അഞ്ചുപവൻ മാല, ഒരു പവൻ മോതിരം, പ്രവീണിന്റെ ഒരു പവൻ മോതിരം എന്നിവയാണ് ഊരിവാങ്ങിയത്. എ.ടി.എം കാർഡ് കൈവശപ്പെടുത്തി 40000 രൂപയും പിൻവലിച്ചു. ശേഷം വന്നകാറിൽതന്നെ നാട്ടിലേക്ക് കയറ്റിവിട്ടു.
പല്ലടം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. തുടർന്നാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആലത്തൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട ബിമലിനെതിരെ കേരളത്തിലെ വിവിധ സ്‌റ്റേഷനുകളിലായി ഒമ്പതോളം കേസുകളുണ്ട്. ഇന്റർ നാഷണൽ ലീഗൽ ആൻഡ് ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് കൗൺസിൽ തിരുപ്പൂർ ജില്ലാ പ്രസിഡന്റാണ് പിടിയിലായ പ്രകാശൻ. ആലത്തൂർ ഡിവൈ.എസ്.പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ സി.ഐ ടി.എൻ.ഉണ്ണികൃഷ്ണൻ, എസ്.ഐ ജിഷ് മോൻ വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽകുമാർ, ബ്ലെസൻ ജോസ്, ഷംസുദ്ദീൻ, സിവിൽ പൊലീസ് ഓഫീസർമാരായ ജയൻ, ദീപക് എന്നിവരും ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, രാജീദ്, വിനു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.