തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ളവരിൽ മുൻഗണനാ ക്രമത്തിൽ വാക്‌സിൻ നൽകുന്ന സർക്കാർ സംവിധാനത്തിൽ ഗുരുതരമായ പിഴവ്. ഗുരുതരരോഗമുള്ളവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വാക്‌സിൻ നൽകാമെന്നിരിക്കെ മെഡിക്കൽ സർട്ടിഫിക്കറ്റിന് പകരം ആധാർകാർഡ് അപ്‌ലോഡ് ചെയ്തവർക്കും യഥേഷ്ടം വാക്‌സിൻ ലഭിക്കുന്നു. ഇതോടെ പതിനായിരക്കണക്കിന് ഡോസ് വാക്‌സിന് ചോരുന്ന വഴി സർക്കാർ പോലും അറിയുന്നില്ല. അപേക്ഷകർ പെരുകിയതോടെ രേഖകൾ പരിശോധിക്കാതെ അധികൃതർ അനുമതി നൽകുന്നതാണ് പിഴവിന് കാരണമെന്നാണ് വിവരം.
18വയസിനു മുകളിലുള്ളവരിൽ ഗുരുതരരോഗങ്ങളുള്ള വ്യക്തികൾക്കും മുൻനിരപ്രവർത്തകർക്കും വാക്‌സിൻ നൽകുന്നതിനായി സംസ്ഥാനത്ത് സജ്ജമാക്കിയ പോർട്ടലിലൂടെയാണ് അനർഹർ നുഴഞ്ഞ് കയറുന്നത്. കേന്ദ്രസർക്കാരിന്റെ കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് മുൻഗണന ലഭിക്കാനായി സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത്. 18വയസിനുമുകളിലുള്ള 10ലക്ഷത്തിലധികം പേർ സംസ്ഥാനത്ത് ഇതിനോടകം മുൻഗണനാപട്ടിയിൽ ഉൾപ്പെട്ട് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു.
വളഞ്ഞവഴി, വാക്‌സിൻ കിട്ടും
https://covid19.kerala.gov.in/vaccine എന്ന സംസ്ഥാന പോർട്ടലിൽ വ്യക്തികൾക്കും മുൻനിരപ്രവർത്തകർക്കും പ്രത്യേകം രജിസ്റ്റർ ചെയ്യാം. വ്യക്തികൾക്കുള്ള രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്താൽ മറ്റൊരു ജാലകം തുറക്കും അതിൽ ഫോൺ നമ്പർ നൽകണം തുടർന്ന് ലഭിക്കുന്ന ഒ.ടി.പി നൽകണം. വെരിഫിക്കേഷൻ പൂർത്തിയാൽ ജില്ലയും ഗുരുതരരോഗമുള്ള വിഭാഗവും സെലക്ട് ചെയ്താൽ കൊവിൻ പോർട്ടലിലെ റഫറൻസ് ഐ.ടി നൽകണം. ഏത് ഡോസ് ആണെന്ന് തിരഞ്ഞെടുക്കണം. തുടർന്ന് പേര്, ജനന വർഷം, വാക്‌സിനേഷൻ സെന്റർ എന്നിവ നൽകണം. അവസാനഘട്ടമായി മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഇരുവശങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന് പകരം ആധാർ കാർഡിന്റെ ഇരുവശങ്ങളും അപ്‌ലോഡ് ചെയ്യും. 48 മണിക്കൂറിനകം അപേക്ഷ അംഗീകരിച്ചതായി സന്ദേശം ലഭിക്കും. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ഏത് സെന്ററിൽ എപ്പോൾ എത്തണമെന്ന സന്ദേശവും ലഭിക്കും. വാക്‌സിനേഷൻ കേന്ദ്രത്തിൽ പരിശോധനയില്ലാതെ കുത്തിവയ്പ്പെടുത്ത് മടങ്ങാം. അപൂർവം അപേക്ഷകൾ നിരസിക്കാറുണ്ട്. അത്തരക്കാർ വീണ്ടും അപേക്ഷിച്ച് അനുമതി നേടിയിട്ടുമുണ്ട്. മുൻനിരപ്രവർത്തകർക്കുള്ള മുൻഗണനാ സംവിധാനത്തിലൂടെയും സമാനമായി അനർഹർ തള്ളിക്കയറുന്നുണ്ട്.
മുൻഗണന തേടി ലക്ഷങ്ങൾ
ആകെ അപേക്ഷകർ 14,89,004
(രോഗികൾ 7,82,576)
മുൻനിരപ്രവർത്തകർ 7,06,428)
അംഗീകരിച്ചത് 10,88,971
നിരസിച്ചത് 3,45,456
പരിഗണനയിൽ 54,577