ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. ഇന്നലെ 46,148 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,02,79,331 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
പ്രതിദിന കൊവിഡ് മരണം ആയിരത്തില്‍ താഴെയെത്തി. 24 മണിക്കൂറിനിടെ 979 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,96,730 ആയി ഉയര്‍ന്നു. 58,578 പേരാണ് ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,93,09,607 ആയി ഉയര്‍ന്നു. നിലവില്‍ 5,72,994 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
രോഗമുക്തി നിരക്ക് 97 ശതമാനത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 96.80 ശതമാനമാണ് രോഗമുക്തി നിരക്ക്. അമേരിക്കയെ പിന്തള്ളി ലോകത്ത് ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യമായി ഇന്ത്യ മാറിയതായി കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. 32, 36,63,297 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. അമേരിക്കയില്‍ ഇത് 32,33, 27,328 ആണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.