ശ്രീനഗർ: ഞായറാഴ്ച വെളുപ്പിന് ഇന്ത്യൻ വ്യോമസേനയുടെ ജമ്മു വിമാനത്താവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ പാകിസ്ഥാൻ തീവ്രവാദസംഘടനകൾക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം നടക്കുന്നത്. ആക്രമണത്തിൽ രണ്ട് എയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകളേറ്റു. പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് വെറും 14 കിലോമീറ്റർ മാത്രം ദൂരെയുള്ള വിമാനത്താവളത്തിൽ വെളുപ്പിന് 1.37നും 1.43നുമായി നടന്ന സ്ഫോടനങ്ങളുടെ ശബ്ദം ഏതാണ്ട് ഒരു കിലോമീറ്റർ ദൂരം വരെ കേട്ടതായി സമീപവാസികൾ പറഞ്ഞു.
വിമാനത്താവളത്തിൽ നടന്നത് തീവ്രവാദ ആക്രമണം ആണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിംഗ് പറഞ്ഞു. വ്യോമസേന ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരുംപൊലീസും ഒരുമിച്ചാണ് അന്വേഷണം നടത്തുന്നത്.
അതേസമയം ജമ്മുവിൽ തന്നെ മറ്റൊരു സ്ഥലത്ത് ആക്രമണം നടത്താനുളള പാകിസ്ഥാൻ തീവ്രവാദ സംഘടനയായ ലഷ്കർ ഇ തൊയിബയുടെ ശ്രമങ്ങൾ പൊലീസ് തകർത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാൽ ഈ സംഭവത്തിന് വിമാനത്താവള ആക്രമണവുമായി പ്രത്യക്ഷത്തിൽ ബന്ധമുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പൊലീസ് അറിയിച്ചു.