മുംബയ് : പൂനെയിൽ നടന്ന യോഗത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേധാവി ശരദ് പവാറും മഹാരാഷ്ട്ര സർക്കാരിലെ മുതിർന്ന മന്ത്രിമാരും ട്രാക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്ത നടപടിക്കെതിരെ വിമർശനങ്ങൾ ഉയരുന്നു. ശിവാജിനഗർ നിയോജകമണ്ഡലത്തിലെ ബിജെപി നിയമസഭാംഗമായ സിദ്ധാർത്ഥ് ശിരോലെയാണ് ഈ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ഛത്രപതി കായിക സമുച്ചയത്തിൽ ശനിയാഴ്ച നടന്ന മീറ്റിംഗിൽ പങ്കെടുക്കാനെത്തിയ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേധാവി ശരദ് പവാറിന്റെയും, മഹാരാഷ്ട്ര സർക്കാരിലെ ചില മന്ത്രിമാരുടെയും കാറുകളാണ് ട്രാക്കിൽ കയറ്റിയിട്ടത്.
അത്ലറ്റുകളെ അപമാനിക്കുന്ന ഈ കാഴ്ചയുടെ ഫോട്ടോകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ട കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു അതൃപ്തി രേഖപ്പെടുത്തി. നമ്മുടെ രാജ്യത്ത് കായിക മേഖലയോടുള്ള അനാദരവ് കണ്ട് വ്യക്തിപരമായി എനിക്ക് വളരെ സങ്കടമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ കായിക കേന്ദ്രങ്ങൾക്കും ശരിയായ പരിചരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവം വിവാദമായതോടെ ക്ഷമ ചോദിച്ച് പൂനെ ജില്ലാ ഇൻഫർമേഷൻ ഓഫീസർ രംഗത്ത് വന്നിട്ടുണ്ട്.
അത്ലറ്റിക് ട്രാക്കിന് സമീപത്തുള്ള സിമന്റ് കോൺക്രീറ്റ് റോഡ് ഉപയോഗിക്കുവാൻ ഒരു വാഹനത്തിന് മാത്രമാണ് അനുമതി നൽകിയിരുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. ശാരീരിക അവശതകളുള്ളതിനാൽ ശരദ് പവാറിന് അധികം നടക്കുവാൻ ബുദ്ധിമുട്ടുള്ളതിനാലായിരുന്നു ഇത്. ഇത്തരമൊരു സംഭവം വീണ്ടും ആവർത്തിക്കാതിരിക്കാൻ ഇനി ശ്രദ്ധിക്കുമെന്നും പൂനെ ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചിട്ടുണ്ട്.