arjun

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി അർജുൻ ആയങ്കി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി. അഭിഭാഷകർക്കൊപ്പമാണ് അർജുൻ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു.

കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അർജുനിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇയാൾ ഒളിവിലായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന സംശയം നിലനിൽക്കെയാണ് അഭിഭാഷകനൊപ്പം അർജുൻ കസ്റ്റംസിന് മുന്നിലെത്തിയത്.

അര്‍ജുൻ ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തുന്നത് എന്നതുൾപ്പടെയുള്ള കാര്യങ്ങളാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇയാൾ സ്വർണത്തിനായി കരിപ്പൂരിലേയ്ക്ക് പോയ കാർ കഴിഞ്ഞദിവസം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയിരുന്നു.കോയ്യോട് സ്വദേശി സി സജേഷിന്റേതാണ്‌ ഈ കാർ. ഇയാളെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

2.33 കിലോഗ്രാം സ്വർണവുമായി കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് പിടിയിലായത്. സ്വർണം കസ്റ്റംസ് പിടികൂടിയതറിഞ്ഞ് മടങ്ങിയ അർജുനെ കുറച്ചു ദൂരം പിന്തുടർന്ന് മടങ്ങുമ്പോഴാണ് ചെർപ്പുളശേരിയിലെ ക്വട്ടേഷൻ സംഘം അപകടത്തിൽപ്പെട്ടത്.