മാട്ടുപെട്ടി മച്ചാൻ, മായാ മോഹിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്. മൂന്നരപതിറ്റാണ്ടായി നിരവധി സിനിമകളിൽ സഹസംവിധായകനായും ജോസ് തോമസ് പ്രവർത്തിച്ചു. ബാലു കിരിയത്തിന്റെ സംവിധാനസഹായി ആയി സിനിമാ ജീവിതം ആരംഭിച്ച ജോസ് തോമസ്, സിബി മലയിൽ അടക്കമുള്ള സംവിധായകർക്കൊപ്പവും നിരവധി ചിത്രങ്ങളുടെ ഭാഗമായി.
ഇപ്പോഴിതാ കമലദളം എന്ന ചിത്രത്തിലെ ഒരു ലൊക്കേഷൻ അനുഭവം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്‌ക്കുകയാണ് ജോസ് തോമസ്. ആന്ണറി പെരുമ്പാവൂരും മോഹൻലാലും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചാണ് വീഡിയോ.
'സിനിമാവൃത്തങ്ങളിലെ ചില അസൂയാലുക്കൾ പറയാറുണ്ട്, മോഹൻലാലിന്റെ ഡ്രൈവറായി വന്ന ആന്റണി ഇന്ന് ശതകോടീശ്വരനാണെന്ന്. കമലദളം എന്ന സിനിമയിലെ ഒരു അനുഭവം പറയാം. ഞാൻ ആ ചിത്രത്തിന്റെ സഹസംവിധായകനാണ്. ചിത്രത്തിൽ ഏതെങ്കിലുമൊരു സീനിൽ അഭനയിക്കണമെന്ന് ആന്റണിക്ക് വലിയആഗ്രഹം. എന്നോടത് പറയുകയും ചെയ‌്തു. പക്ഷേ സീൻ അറിഞ്ഞപ്പോൾ ആന്റണി മടിച്ചു. കാരണം അതിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് വിളിക്കണം. ലാൽ സാറിന്റെ മുഖത്ത് നോക്കി അങ്ങനെ വിളിക്കാൻ തനിക്കാവില്ലെന്ന് ആന്റണി പറഞ്ഞു. മോഹൻലാലിനെ സുഖിപ്പിക്കാനായിരിക്കാം എന്നാണ് ഞാൻ അന്ന് വിചാരിച്ചത്. ഒടുവിൽ സിബി സാറുമായി ആലോചിച്ച് വേണ്ടത് ചെയ്‌തു.
പക്ഷേ പിന്നീട് എനിക്ക് മനസിലായി മോഹൻലാലിന് മുന്നിൽ അന്ന് എങ്ങനെയായിരുന്നോ അതുപോല തന്നെയാണ് ഇന്നും ആന്റണി. അങ്ങനെയുള്ള ആന്റണി പെരുമ്പാവൂർ ശതകോടീശവരനായി മാറിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.