കൊവിഡ് കാലത്ത് ഏറ്റവുമധികം കേട്ടിട്ടുള്ള വാക്കാണ് സാമൂഹിക അകലം. വാക്സിനുകൾ കണ്ട് പിടിക്കാത്ത നാളുകളിൽ സാമൂഹിക അകലവും മാസ്‌കും മാത്രമായിരുന്നു കൊവിഡിനെ അകറ്റാനുള്ള പോംവഴി. വിവിധ വാക്സിനുകൾ ലഭ്യമായി തുടങ്ങിയെങ്കിലും കൊവിഡിന് മേലുള്ള മുൻകരുതലായി സാമൂഹിക അകലം ഇപ്പോഴും പട്ടികയിൽ ഉണ്ട്. എന്നാൽ ഇതൊന്നും ബാധകമല്ലാത്തവരും ഈ ലോകത്തുണ്ട്. അത്തരത്തിലൊരാളാണ് ജപ്പാൻകാരനായ സൗജി.
പത്ത് വർഷത്തിന് മേലായി നിറ്റോ സൗജി എന്ന ജപ്പാൻ കാരൻ സ്വയം അടച്ചിട്ട ജീവിതമാണ് നയിക്കുന്നത്. ആളുകളെ അഭിമുഖീകരിക്കുന്നതിൽ മടിയായതോടെയാണ് ഇയാൾ സ്വയം തടവറ തീർത്ത് കഴിയാൻ തീരുമാനിച്ചത്. രണ്ട് മാസത്തിൽ ഒരിക്കൽ മാത്രമാണ് സൗജി സ്വന്തം അപ്പാർട്ട്‌മെന്റിൽ നിന്നും പുറത്തേയ്ക്ക് പോകുന്നത്. അത് തലമുടി വെട്ടിക്കുന്നതിന് വേണ്ടി മാത്രമാണ്. സൗജിയെ പോലെ സമൂഹത്തെ അഭിമുഖീകരിക്കാൻ മടിയുള്ള നിരവധിയാളുകളാണ് ജപ്പാനിലുള്ളത്.
ഒരു പ്രൊഫഷണൽ ഗെയിം ഡെവലപ്പർ കൂടിയായ സൗജിയുടെ ജീവിതം വിചിത്രമാണ്. വീട്ടുസാധനങ്ങളുൾപ്പടെ എല്ലാം സൗജി ഓൺലൈനിൽ നിന്നുമാണ് വാങ്ങുന്നത്. വീട്ടിലിരുന്ന് ഓൺലൈനായി ജോലി ചെയ്യുന്ന സൗജിയ്ക്ക് ആകെയുള്ള ഹോബി സ്വന്തമായുള്ള യൂട്യൂബ് ചാനൽ മാത്രമാണ്.