drone

ജമ്മു: ഇന്നലെ ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെ കാലുചകിലെ സൈനിക കേന്ദ്രത്തിന് മുകളിലും ഡ്രോൺ സാന്നിദ്ധ്യം. ഞായറാഴ്‌ച രാത്രി 11.30നും തിങ്കളാഴ്‌ച പുലർച്ചെ 1.30നുമാണ് ഡ്രോണുകൾ കണ്ടത്.

സേനാ കേന്ദ്രത്തിന് സമീപത്തുള‌ള ജമ്മു-പത്താൻകോട് ദേശീയപാതയിൽ കാലുചക്-പൂർമണ്ഡൽ റോഡിലാണ് രണ്ട് ഡ്രോണുകളും കണ്ടതെന്ന് പൊലീസ് അറിയിച്ചു. സംശയം തോന്നിയയുടൻ ഡ്രോണുകൾ സൈന്യം വെടിവച്ചിട്ടു. 25 റൗണ്ടോളം വെടിയുതിർത്തു. ഡ്രോൺ അയച്ചതാരെന്ന് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്കിലും ജമ്മുവിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് തീവ്രവാദ സംഘടനകളെ തന്നെയാണ് പ്രധാനമായും സംശയിക്കുന്നത്.