murder-case-

ചെന്നൈ : കൊവിഡിനെ തടയുവാൻ, പ്രതിരോധ ശേഷികൂട്ടുന്നതിനായി ആരോഗ്യ പ്രവർത്തകൻ വീട്ടിലെത്തിച്ച മരുന്ന് കഴിച്ച് തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ ഈ സംഭവത്തിന് പിന്നിൽ ഞെട്ടിപ്പിക്കുന്ന കൊലപാതകമാണെന്ന് തമിഴ്നാട് പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിലെ ഈറോഡിൽ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരണപ്പെട്ടത്. സമ്പന്ന കുടുംബത്തിലെ കൂട്ടമരണത്തെ തുടർന്ന് നിരവധി സംശയങ്ങൾ ഉയർന്നിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തിക കാരണമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.

വിഷഗുളിക കഴിച്ച് മരണപ്പെട്ട കറുപ്പന കൗണ്ടറിൽ നിന്നും പതിനഞ്ച് ലക്ഷം രൂപ നാൽപ്പത്തിമൂന്ന് കാരനായ ആർ കല്യാണസുന്ദരം എന്നയാൾ കടമായി വാങ്ങിയിരുന്നു. മാസങ്ങൾക്ക് മുൻപ് വാങ്ങിയ തുക തിരികെ നൽകാൻ കഴിയാതിരുന്നതോടെയാണ് കുടുംബത്തെ ഒന്നാകെ കൊലചെയ്യാൻ ഇയാൾ തീരുമാനിച്ചത്. ഇതിനായി ആരോഗ്യ പ്രവർത്തകന്റെ വേഷത്തിൽ കൗണ്ടറിന്റെ വീട്ടിലേക്ക് സബാരി എന്ന യുവാവിനെ അയക്കുകയായിരുന്നു. നാലുപേരടങ്ങുന്ന കുടുംബത്തിന് വിഷ ഗുളികകൾ നൽകി മടങ്ങാനായിരുന്നു ഉദ്ദേശം.

കുടുംബത്തിൽ ആർക്കും സംശയം തോന്നാത്ത വിധം ടെമ്പറേച്ചർ ഗൺ, പൾസ് ഓക്സിമീറ്റർ എന്നീ ഉപകരണങ്ങളോടെ എത്തിയ സബാരി പരിശോധനകൾക്ക് ശേഷം പ്രതിരോധ ശേഷി കൂട്ടാനുള്ള മരുന്ന് എന്ന് പറഞ്ഞ് വിഷ ഗുളികകൾ നൽകുകയായിരുന്നു. ശനിയാഴ്ചയാണ് ഇയാൾ ഗുളികകൾ നൽകിയത്.

കറുപ്പന കൗണ്ടർ, ഭാര്യ മല്ലിക, മകൾ ദീപ, വീട്ടുജോലിക്കാരൻ കുപ്പൽ എന്നിവരാണ് മരുന്ന് കഴിച്ചത്. മരുന്ന് കഴിച്ചതോടെ അവശരായ ഇവരെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കൊലപാതകമെന്ന് തെളിഞ്ഞതോടെ കല്യാണസുന്ദരാമിനെയും സബാരിയെയും ഞായറാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും പെരുന്ദുരൈ സബ് കോടതി ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഇവരെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.