china

ബീജിംഗ്: ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌ത പുതിയ കൊവിഡ് കേസുകളിൽ പ്രാദേശിക കൊവിഡ് കേസുകളൊന്നുമില്ലെന്ന് കണ്ടെത്തി. എന്നാൽ 21ഓളം രാജ്യത്തിന് പുറത്തുള‌ള വകഭേദങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ ദേശീയ ആരോഗ്യ മിഷൻ അറിയിച്ചതാണ് ഇക്കാര്യം. ഗ്വാംഗ്ഡോംഗ്, യുനാൻ എന്നിവിടങ്ങളിൽ അഞ്ച് വീതവും സിചുവനിൽ നാലും ഫുജിയാനിൽ മൂന്നും ഹുനാനിൽ രണ്ടും ബീജിംഗിലും ഷാങ്‌ഹായിലും ഓരോന്ന് വീതം കേസുകളുമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്‌തത്.

രാജ്യത്ത് കഴിഞ്ഞ ദിവസം കൊവിഡ് മരണങ്ങളുണ്ടായില്ല. 1.16 ബില്യൺ ഡോസ് കൊവിഡ് വാക്‌സിൻ ചൈന ശനിയാഴ്‌ച നൽകിയിരുന്നു. ഇന്ന് സ്ഥിരീകരിച്ചതുമുൾപ്പടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 91,732 പേർക്കാണ്. ഇവരിൽ 86,634 പേ‌ർ രോഗമുക്തി നേടി. 4636 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണമടഞ്ഞതെന്ന് ചൈനീസ് ഭരണകൂടം അറിയിക്കുന്നു.

2019 ഡിസംബറിലാണ് ചൈനയിലെ വുഹാനിൽ കൊവിഡ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇവിടുത്തെ മാർക്കറ്റിൽ നിന്നാണ് രോഗം പടർന്നുപിടിച്ചതെന്നാണ് ചൈന പറഞ്ഞത്. എന്നാൽ മാർക്കറ്റിൽ രോഗാണു എത്തുംമുൻപ് തന്നെ രോഗം ജനങ്ങളിൽ പടർന്നിരുന്നതായാണ് വിവരം. എന്നാൽ ചൈന പുറത്തുവിട്ടതിനെക്കാൾ രണ്ട് മാസം മുൻപ് തന്നെ രോഗം ചൈനയിൽ പടർന്നിരിക്കാമെന്നാണ് ബ്രിട്ടണിലെ കെന്റ് സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നത്. രോഗം സംബന്ധിച്ച് ചൈന വിവരങ്ങളെല്ലാം മൂടിവയ്‌ക്കുന്നതായി ആരോപണം ഉയർന്നിരുന്നു.