2dg

ന്യൂഡല്‍ഹി:കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഡിആർഡിഒ വികസിപ്പിച്ചെടുത്ത മരുന്നായ 2-ഡിജി വിപണിയിലേക്ക്. 2 ഡിഓക്‌സി-ഡി ഗ്ലൂക്കോസ് എന്നതിന്റെ ചുരുക്കപ്പേരാണ് 2 ഡിജി. കേന്ദ്രപ്രതിരോധ ഗവേഷണ-വികസന വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് എലീഡ് സയന്‍സസ് (INMAS) ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ചാണ് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ അലിയിച്ചാണ് കഴിക്കേണ്ടത്.

കൊവിഡിനെ പ്രതിരോധിക്കുന്നതിൽ അതീവ ഫലപ്രദമാണ് 2-ഡിജി എന്നാണ് വിലയിരുത്തൽ. വൈറസിന്റെ വളര്‍ച്ചയെ തടഞ്ഞ് രോഗമുക്തി വേഗത്തില്‍ സാദ്ധ്യമാക്കുമെന്നും കൃത്രിമ ഓക്‌സിജനെ ആശ്രയിക്കേണ്ട സാഹചര്യം വളരെ കുറവായിരിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

കൊറോണ വൈറസ് ബാധിച്ച കോശങ്ങളില്‍ മാത്രമേ 2- ഡിജി പ്രവര്‍ത്തിക്കുകയുള്ളൂ. കെറോണ ബാധിച്ച കോശങ്ങള്‍ മരുന്നിനെ സ്വീകരിക്കുന്നതോടെ അവ പ്രവര്‍ത്തനരഹിതമായി നശിച്ചുപോവുകയും, അണുബാധ ഒഴിയുകയും ചെയ്യും.

ഡോ. റെഡ്ഡീസ് ലാബുമായി ചേർന്നാണ് ഡിആർഡിഒ 2-ഡിജി വികസിപ്പിച്ചെടുത്തത്. ഒരു സാഷെയ്ക്ക് 990 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും മരുന്ന് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.