ജയ്‌പൂർ: മൂന്ന് ഘട്ട ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് രാജസ്ഥാൻ. ഇന്നുമുതൽ പൊതുഇടങ്ങളിലെത്തുന്ന ജനങ്ങൾ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിരിക്കണം. ജിമ്മുകൾ, റെസ്‌റ്റോറന്റുകൾ എന്നിവ മൂന്ന് മണിക്കൂർ കൂടി തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. വൈകിട്ട് നാല് മുതൽ ഏഴ് വരെയാണിത്. ഇതിൽ റെസ്‌റ്റോറന്റിലെ ജീവനക്കാരിൽ 60 ശതമാനമെങ്കിലും കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കണം.
പുറമേ നടക്കുന്ന കായിക മത്സരങ്ങൾ അനുവദിക്കും, എന്നാൽ ഇൻഡോർ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നവരിൽ എല്ലാവരും വാക്‌സിൻ സ്വീകരിച്ചവരാകണം. സർക്കാർ ഓഫീസുകൾ ആറ് മണിവരെ പ്രവർത്തിക്കും. എന്നാൽ വാക്‌സിൻ സ്വീകരിച്ച സ്വകാര്യ ഓഫീസുകൾ മൂന്ന് മണിക്കൂർ അധികമായി പരമാവധി 7 മണിവരെ പ്രവർത്തിക്കാം.
25 പേർ വരെയുളള സർക്കാർ ഓഫീസുകളിൽ മുഴുവൻ ആളുകളും ജോലിക്ക് ഹാജരാകാം. അതിൽ കൂടുതൽ ജീവനക്കാരുളള ഓഫീസുകളിൽ 50 ശതമാനം ജോലിക്കെത്തണം. 60 ശതമാനമോ അതിൽ കൂടുതലോ ജീവനക്കാർ വാക്‌സിൻ സ്വീകരിച്ചെങ്കിൽ മുഴുവൻ ജീവനക്കാരും ഓഫീസിലെത്തണം. രാവിലെ 9.30 മുതൽ വൈകിട്ട് 6 മണിവരെയാകും ഓഫീസ് സമയം.
വിവാഹങ്ങൾ അനുവദിക്കും. എന്നാൽ പരമാവധി 40 അതിഥികളേ പാടുളളു. വൈകുന്നേരം നാല് മണി വരെയാണ് അനുമതി. ജൂലായ് ഒന്നുമുതലാണ് ഇതിന് അനുമതി നൽകിയത്. ആരാധനാലയങ്ങൾ രാവിലെ 5 മുതൽ വൈകിട്ട് 4 വരെ തുറക്കാം. എന്നാൽ ഭക്തജനങ്ങളും ജീവനക്കാരും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിക്കണം.
പാർക്കുകൾ തുറക്കും. നഗരത്തിലെ മിനി ബസുകളിലെ ഡ്രൈവർ ഒരു ഡോസ്‌വാക്‌സിനെങ്കിലും സ്വീകരിച്ചാൽ ഓടിക്കാം. തിങ്കൾ മുതൽ ശനി വരെ സ്വകാര്യ വാഹനങ്ങൾ രാവിലെ 5 മുതൽ രാത്രി 8 വരെയേ അനുവദിക്കൂ.
കടകൾ, ചന്തകൾ, വാണിജ്യ സ്ഥാപനങ്ങൾ ഇവിടങ്ങളിലെല്ലാം തൊഴിലാളികളിൽ 60 ശതമാനവും വാക്‌സിൻ സ്വീകരിച്ചാൽ മാത്രമേ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കൂ. വിദ്യാഭ്യാസ, ആഘോഷ,ആചാര പരിപാടികൾക്കെല്ലാം തുടർന്നും വിലക്കുണ്ടാകും. ശനിയാഴ്‌ച രാത്രി 8 മുതൽ തിങ്കൾ രാവിലെ 5 വരെ പ്രതിവാര കർഫ്യുവും നിലവിലുണ്ടാകും.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 162 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ 9,52,129 പേർക്കാണ് രാജസ്ഥാനിൽ കൊവിഡ് സ്ഥിരീകരിച്ചത്.