സിയോൾ : ഉത്തര കൊറിയയിലെ ഭരണാധികാരിയായ കിം ജോംഗ് ഉൻ സാധാരണയായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറില്ല. ചിലപ്പോൾ മാസങ്ങളുടെ ഇടവേളകളിലാണ് പൊതു പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നത്. നീണ്ട കാലയളവിൽ കിം ജോംഗിനെ കാണാതാവുമ്പോൾ തന്നെ ദക്ഷിണ കൊറിയയിലേയും, പാശ്ചാത്യ നാടുകളിലേയും മാദ്ധ്യമങ്ങൾ ഉത്തര കൊറിയയിലെ ഭരണാധികാരിയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളും പുറത്ത് വിടാറുണ്ട്. നീണ്ട നാളുകൾക്ക് ശേഷം കിം ജോംഗിന്റെ മെലിഞ്ഞ ചിത്രം പുറത്ത് വന്നത് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു.
എന്നാൽ കിം ജോംഗ് ഉന്നിന്റെ ശരീരഭാരം കുറഞ്ഞതിൽ ഉത്തര കൊറിയക്കാർ പൊതുവെ ദുഖത്തിലാണ് എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. പോംഗ്യാങ്ങിലെ ജനങ്ങളെ ഉദ്ധരിച്ചുകൊണ്ട് പൂർണമായും സർക്കാർ നിയന്ത്രണത്തിലുള്ള മാദ്ധ്യമം സംപ്രേഷണം ചെയ്ത പരിപാടിയിലാണ് ജനം ഇത്തരത്തിൽ പ്രതികരിക്കുന്നത്. തങ്ങളുടെ നേതാവ് മെലിഞ്ഞിരിക്കുന്നത് കണ്ട് ഹൃദയം തകരുന്നു എന്നാണത്രേ ജനത്തിന്റെ പ്രതികരണം. മുപ്പത്തിയേഴ് കാരനായ ഏകാധിപതിയുടെ ചിത്രങ്ങൾ വിശകലനം ചെയ്താണ് ഈ മാസം ആരംഭത്തിൽ കിം ജോംഗിന്റെ ഭാരം വലിയ അളവിൽ കുറഞ്ഞിരിക്കുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പുറത്തുവന്ന റിപ്പോർട്ടുകളിൽ ഭൂരിഭാഗവും കിം ന്റെ ആരോഗ്യത്തെ ബന്ധപ്പെടുത്തിയാണ് മെലിയുന്നതിനെ കുറിച്ച് വിവരിക്കുന്നത്.
അടുത്തിടെ ഉത്തര കൊറിയ കടുത്ത ക്ഷാമത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനവും, കൊവിഡുമാണ് ക്ഷാമത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.