twitter

ന്യൂഡൽഹി: ട്വിറ്റർ ഇന്ത്യയുടെ പരാതി പരിഹാര ഓഫീസ‌ർ സ്ഥാനത്തു നിന്ന് ഇന്ത്യക്കാരനായ ധർമ്മേന്ദ്ര ചതുറിനെ മാറ്റി പകരം കാലിഫോർണിയയിൽ നിന്നുമുളള ജെറെമി കെസ്സെലിനെ നിയമിച്ചു. പുതിയ ഐ ടി നിയമപ്രകാരം പരാതി പരിഹാര ഓഫീസർ ആയി ഒരു ഇന്ത്യക്കാരൻ തന്നെ വേണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നി‌ർദേശം നിലനിൽക്കുമ്പോഴാണ് ട്വിറ്ററിന്റെ ഈ നീക്കം. ട്വിറ്ററുമായി ശീതസമരത്തിലായിരിക്കുന്ന കേന്ദ്രസർക്കാരിനെ ഈ നീക്കം ചൊടിപ്പിക്കുമെന്നത് ഉറപ്പാണ്.

തിങ്കളാഴ്ച രാവിലെയാണ് കെസ്സെലിനെ പരാതി പരിഹാര ഓഫീസറായി നിയമിച്ചു കൊണ്ടുള്ള അറിയിപ്പ് ട്വിറ്റർ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. മേയ് 25നാണ് പുതിയ ഐ ടി നിയമം നിലവിൽ വന്നത്. പരാതി പരിഹാര ഓഫീസർ, കംപ്ളയൻസ് ഓഫീസ‌ർ, നോഡൽ ഓഫീസർ എന്നീ മൂന്ന് സ്ഥാനങ്ങളിലും ഇന്ത്യക്കാരെ നിയമിക്കണമെന്നതായിരുന്നു പ്രധാന നിയമങ്ങൾ. എന്നാൽ ഇവ അനുസരിക്കാൻ ട്വിറ്റർ ഇതു വരെ സന്നദ്ധത കാണിച്ചിട്ടില്ല.

ഐ ടി നിയമങ്ങൾ പാലിക്കാത്തതിന് നേരത്തെ തന്നെ ട്വിറ്റർ കേന്ദ്രസർക്കാരിന്റെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. നിയമവിരുദ്ധമായ ട്വീറ്റുകളുടെ ഉത്തരവാദിത്വം ട്വിറ്ററിനുകൂടി ഇപ്പോൾ ഉണ്ട്. കർഷക സമരത്തിന്റെ ഭാഗമായി വന്ന പല ട്വീറ്റുകളും സർക്കാരും ട്വിറ്ററും തമ്മിലുളള ഉരസലിനു കാരണമായി തീർന്നിരുന്നു.