തിരുവനന്തപുരം: ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യംചെയ്‌ത ഏജീസ് ഓഫീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു. തിരുവനന്തപുരം പേട്ടയിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ഏജീസ് ഓഫീസിലെ സീനിയർ അക്കൗണ്ടന്‍റും ഹരിയാന സ്വദേശിയുമായ രവി യാദവ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ ജസ്വന്ത് എന്നിവർക്കാണ് വെട്ടേറ്റത്.
കുടുംബസമേതം നടക്കാനിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരേ ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. അക്രമിസംഘം ആദ്യം ഉദ്യോഗസ്ഥരുടെ ഭാര്യമാരെ റോഡിൽവച്ച് കടന്നുപിടിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്‌തതോടെ രവിയാദവിനെയും ജസ്വന്തിനെയും വെട്ടിപരിക്കേൽപ്പിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. തലസ്ഥാന നഗരത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആക്രമണമുണ്ടായത് അതീവഗൗരവമേറിയ സംഭവമാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു.
രവി യാദവിന്‍റെ കൈയ്ക്കും വിരലുകൾക്കുമാണ് വെട്ടേറ്റത്. ജസ്വന്തിന്‍റെ കാലിലാണ് പരിക്ക്. കുഞ്ഞുങ്ങളെ വെട്ടുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് പൊലീസെത്തിയാണ് ഇവരെ ഫോർട്ട് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽനിന്ന് തിരികെ വീട്ടിലെത്തിയ ശേഷവും അക്രമികൾ ഭീഷണിപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീടിന് മുന്നിലെത്തി ഭീഷണി മുഴക്കിയ അക്രമിസംഘം ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമാണ് മടങ്ങിയത്.