കൊൽക്കത്ത:ബംഗ്‌ളാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുകയായിരുന്ന നവ വധൂവരന്മാരെ പിടികൂടി അതിർത്തി രക്ഷാ സേന. ഇന്ത്യക്കാരനായ വരൻ ജയ്‌കാന്തോ ചന്ദ്ര റായും(24) ബംഗ്ളാദേശ് സ്വദേശിനിയായ ഭാര്യയുമാണ് പിടിയിലായത്. പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലായിരുന്നു അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ ഇവർ പിടിയിലായത്.
ഇരുവരെയും അതിർത്തി രക്ഷാ സേന ചോദ്യം ചെയ്‌തപ്പോഴാണ് പൂർണവിവരമറിഞ്ഞത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ജയ്‌കാന്തോയും ബംഗ്ളാദേശ് സ്വദേശിനിയും വിവാഹിതരാകാൻ തീരുമാനിച്ചു. പ്രണയിനിയെ കാണാൻ ജയ്‌കാന്ത് അനധികൃതമായി ബംഗ്ളാദേശിലേക്ക് കടന്നു. മാർച്ച് എട്ടിനായിരുന്നു ഇത്. മാർച്ച് 10ന് ഇവർ വിവാഹിതരായി. ശേഷം തിരികെ ഇന്ത്യയിലേക്ക് ഇരുവരും പുറപ്പെട്ടു. ഇതിനിടെ മാർച്ച് 25നാണ് ഇവരെ പിടികൂടിയത്.
ബിഎസ്‌എഫിന്റെ മധുപൂർ അതിർത്തിയിലെ പോസ്‌റ്റിൽ വൈകിട്ട് 4.15ഓടെയാണ് ഇവരെത്തിയത്. തിരിച്ചറിയൽ രേഖ ചോദിച്ചപ്പോൾ ജയ്കാന്ത് സ്വന്തം രേഖ കാണിച്ചു എന്നാൽ ഭാര്യയ്‌ക്ക് അതിനുകഴിഞ്ഞില്ല. തുടർന്ന് ഇരുവരെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു. അതിർത്തി വഴിയുളള മനുഷ്യക്കടത്ത് വ്യാപകമായതിനാൽ ഇതിനെതിരായി അതീവ ജാഗ്രതയോടെ നിന്ന അതിർത്തി രക്ഷാ സേന്‌ക്ക് മുന്നിലേക്കാണ് ഇരുവരും വന്നെത്തിയത്.