മനില: വാക്സിനേഷനെടുക്കാൻ വിസ്സമതിക്കുന്നവർക്കെതിരെ ഭീഷണിയുമായി ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ദുതർതേ. വാക്സിൻ സ്വീകരിക്കാത്തവരെ ജയിലിലടക്കുമെന്നും ഇവർക്ക് ബലമായി വാക്സിൻ കുത്തിവയ്ക്കുമെന്നും വാക്സിനെടുക്കാൻ താൽപര്യമില്ലാത്തവർ രാജ്യം വിട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ വാക്സിനേഷൻ മന്ദഗതിയിലായതിന് പിന്നാലെയാണിത്.
വാക്സിൻ എടുത്തോളൂ, അല്ലെങ്കിൽ ജയിലിലാകും. ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ പോയ‌്‌ക്കോളൂ. നിങ്ങൾ ഒരു മനുഷ്യനാണെങ്കിൽ വൈറസ് വാഹകനാകാൻ സാധിക്കും. അത് കൊണ്ട് വാക്സിൻ എടുക്കുക - വാർത്താ സമ്മേളനത്തിൽ ദുതർതേ വ്യക്തമാക്കി.
അല്ലെങ്കിൽ ഗ്രാമത്തലവന്മാരിൽ നിന്ന് വാക്നേഷന് വിധേയരാകാൻ വിസമ്മതിക്കുന്നവരുടെ പട്ടിക വാങ്ങി അവർക്ക് പന്നികൾക്ക് കുത്തിവയ്ക്കുന്ന ഇവർമെക്ടിൻ കുത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ നേരിടാൻ കഠിനമായ നിലപാടുകൾ സ്വീകരിക്കുന്ന ദുതർതേ വ്യാപക വിമർശനം നേരിടുന്നുണ്ട്.
ഫിലിപ്പൈൻസിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം വളരെ കുറവാണ്.
വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ രാജ്യത്ത് രജിസ്ട്രേഷൻ നിറുത്തിയിരിക്കുകയാണ്.കഴിഞ്ഞദിവസം 28,000 പേർക്ക് വാക്സിനേഷന് അറിയിപ്പ് നൽകിയിട്ടും എത്തിയത് 4,402 പേർ മാത്രമാണ് .
ജൂൺ 20 വരെ 21 ലക്ഷം ആളുകൾ രാജ്യത്ത് വാക്സിനേഷന് വിധേയമായെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം തന്നെ രാജ്യത്തെ ഏഴ് കോടിയാളുകൾക്കും വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഡെൽറ്റ വകഭേദത്തെ തടയാൻ ഫിലിപ്പൈൻസ് അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്.