narendra-modi-

ലോകത്തിലെ ഏതൊരു ഭരണാധികാരിയെ സംബന്ധിച്ചും തലവേദന ഏറിയ സമയമാണ് ഇപ്പോൾ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കൊവിഡ് ബാധയും സാമ്പത്തിക മുരടിപ്പും ജനചിന്തയെ ഭരണകൂടത്തിന് എതിരായി ചിന്തിക്കാൻ സാദ്ധ്യത ഏറെയുള്ള കാലം. ഈ സമയത്താണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനപ്രീതി 62% ആയി രേഖപ്പെടുത്തി കൊണ്ടുള്ള സർവേ ഫലം രാജ്യത്തെ പ്രമുഖ മാദ്ധ്യമ സ്ഥാപനം പുറത്ത് വിട്ടിരിക്കുന്നത്. ഇതിനൊപ്പം മോദി സർക്കാരിനെ വരുന്ന 2024ലെ പൊതു തിരഞ്ഞെടുപ്പിൽ കടപുഴക്കി എറിയാനായി മൂന്നാം മുന്നണി പടയൊരുക്കം ആരംഭിച്ചിരിക്കുന്നതും. ബംഗാളിൽ ബി ജെ പിയുടെ സ്വപ്നങ്ങൾക്ക് നിറം നൽകാതെ കൈപ്പിടിയിലെ ഭരണം തുടർന്ന് കൊണ്ട് പോകുവാനായ മമതയുടെ വിജയമാണ് മൂന്നാം മുന്നണിക്ക് ഉണർവായിരിക്കുന്നത്. കോൺഗ്രസിനെ കൂട്ടാതെയുള്ള ചർച്ച ഭാവിയിൽ അവരുമായി കൈകോർക്കാം എന്ന അവസ്ഥയിലാണ് മുന്നേറുന്നതും. എന്നാൽ ബി ജെ പിയെ അട്ടിമറിക്കാൻ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾക്ക് ഇപ്പോൾ കഴിയുമോ എന്നത് ചോദ്യമായി അവശേഷിക്കുകയാണ് ഇപ്പോഴും.


എന്നുവരെയുണ്ടാവും മോദി ഫാക്ടർ

ബി ജെ പിയുടെ ചിഹ്നം താമരയാണെങ്കിലും മുഖം ഇപ്പോൾ മോദിയാണ്. മോദി ഫാക്ടറിൽ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് വിജയം നേടുവാനും ബി ജെ പിക്കായി. 2024 ലെ തിരഞ്ഞെടുപ്പിലും ബി ജെ പിയുടെ മുഖം മോദിയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പുമാണ്. മോദി ഫാക്ടർ എത്രനാൾ നീണ്ട് നിൽക്കും എന്ന് കൃത്യമായി പ്രവചിക്കാൻ രാഷ്ട്രീയ നിരീക്ഷകർക്ക് അടക്കം കഴിയാതെ പോകുന്നത് മോദി ഫാക്ടറിന്റെ നിർമ്മാണത്തിലെ പ്രത്യേകതകൾ കൊണ്ടാണ്. രാജ്യത്ത് ഇതിന് മുൻപ് രാഷ്ട്രീയ നേതാക്കളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിൽ മാദ്ധ്യമങ്ങക്ക് അളവറ്റ പങ്കുണ്ടായിരുന്നു. എന്നാൽ മാദ്ധ്യമങ്ങളെ കൈ അകലത്ത് നിർത്തുന്ന പ്രകൃതമാണ് മോദി സ്വീകരിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും വിദഗ്ദ്ധനായ സോഷ്യൽ മീഡിയ നേതാവായിട്ടാണ് മോദി വളർന്ന് വന്നത്. മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കാൻ മടിക്കുന്ന പ്രധാനമന്ത്രി എന്ന് പ്രതിപക്ഷമടക്കം വിമർശിക്കുമ്പോഴും ജനങ്ങളിലേക്കെത്താൻ മൻ കി ബാത്ത് പോലെ സ്വന്തമായി രൂപകൽപന ചെയ്ത സംവിധാനമാണ് മോദി സ്വീകരിച്ചത്. അതിനാൽ തന്നെ മോദി ഫാക്ടറിൻെറ കാലാവധി മറ്റു നേതാക്കളെ പോലെ മാദ്ധ്യമങ്ങളെ ആശ്രയിച്ചല്ലെന്നത് വ്യക്തവുമാണ്.

നെഹ്റുവിനൊപ്പമാവുമോ മോദി ഫാക്ടർ

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഭരണാധികാരിയായ നെഹ്റുവിന് മരണം വരെയും ആരാലും ചോദ്യം ചെയ്യാനാവാത്ത വ്യക്തിത്വമായി ജീവിക്കുവാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തി പ്രഭയാൽ പിന്നെയും പതിറ്റാണ്ടുകളോളം കോൺഗ്രസിന് ഇന്ത്യയെ ഭരിക്കുവാനായി. നെഹ്റുവിന്റെ പ്രഭയിൽ ഗാന്ധികുടുംബത്തിന് രാജ്യമെമ്പാടും സ്വീകാര്യത നേടാനായി എന്നതാണ് വസ്തുത. കുടുംബ രാഷ്ട്രീയത്തെ എതിർത്തു കൊണ്ട് നിരവധി പേർ വിമർശനം ഉന്നയിച്ച് തുടങ്ങിയത് മുതലാണ് കോൺഗ്രസിന് ഇന്ത്യയിൽ പ്രതിസന്ധികളെ നേരിടേണ്ടി വന്നത്. ഉന്നതനായ നേതാവിന്റെ പേരും പ്രശസ്തിയും ഏറെ നാൾ ജനത്തെ സ്വാധീനിക്കും എന്നതിന്റെ തെളിവാണ് നെഹ്റുവിലൂടെ കോൺഗ്രസിനുണ്ടായത്. അത്തരത്തിൽ മോദി ഫാക്ടറിന്റെയും കാലാവധി നിർണയിക്കുക അസാദ്ധ്യമാണ്. എഴുപത്തിയഞ്ച് വയസ് രാഷ്ട്രീയ വിരമിക്കലിനുള്ള അടയാളമായി കരുതുന്ന ബി ജെ പിയിൽ രാഷ്ട്രത്തെ നേരിട്ട് നയിക്കാനായില്ലെങ്കിലും മോദി ഫാക്ടർ ബി ജെ പിക്ക് ഏറെ നാൾ തണലൊരുക്കിയേക്കും.

ആർ എസ് എസും മോദി ഫാക്ടറും

കേഡർ അധിഷ്ഠിതമായ ആർ എസ് എസിന്റെ രാഷ്ട്രീയ വിഭാഗമായി പോലും ബി ജെ പിയെ വിലയിരുത്തുന്നവരുണ്ട്. സൂഷ്മതയോടെ പരിശോധിച്ചാൽ ഇതിൽ ഏറെക്കുറെ വാസ്തവം കാണാനുമാവും. രാജ്യത്ത് ആറു കോടിയിലേറെ അംഗങ്ങളുള്ള ആർ എസ് എസിന് പൊതുതിരഞ്ഞെടുപ്പിൽ നല്ലൊരു ശതമാനം വോട്ട് സ്വരൂപിക്കാനാവും. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് കഴിയാത്ത വിധം ഭൂരിപക്ഷത്തിന് മേൽ സ്വാധീനം ചെലുത്താനും ബി ജെ പിക്ക് ഇതു വഴി നിഷ്പ്രയാസം കഴിയും.

മോദി ഫാക്ടറിനെ അതിജീവിച്ച് ഇന്ത്യയുടെ ഭരണം പിടിക്കാൻ മൂന്നാം മുന്നണിയ്ക്കാകുമോ എന്ന ചർച്ച വിവിധ കോണുകളിൽ പുരോഗമിക്കുകയാണ്. അടുത്ത വർഷം യു പിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിനെ 2024 ന്റെ സെമിഫൈനലായി കണക്കാക്കപ്പെടുന്നു.