തിരുവനന്തപുരം: തിരക്കേറിയ തിരുവല്ലം ബൈപ്പാസിൽ അപകടമൊഴിവാക്കുന്നതിനായി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച സർവീസ് പാലം ഇപ്പോഴും പ്രഖ്യാപനത്തിലൊതുങ്ങുകയാണ്. അടുത്തിടെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു. പാലത്തിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കാൻ അദ്ദേഹം ദേശീയപാത അതോറിട്ടിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.
നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് തിരുവല്ലം ജംഗ്ഷൻ. കോവളം, പാച്ചല്ലൂർ, കിഴക്കേകോട്ട, അമ്പലത്തറ എന്നിവിടങ്ങളിൽ നിന്ന് ബൈപ്പാസിലേക്ക് ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി എത്തുന്നത്. പാച്ചല്ലൂർ, കോവളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അമ്പലത്തറ എത്താനായി ആശ്രയിക്കുന്നതും ഈ പഴയ പാലത്തെയാണ്. ഇത് കുമരിച്ചന്ത ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങളുമായി പലപ്പോഴും കൂട്ടിയിടിക്ക് കാരണമാകാറുണ്ട്.
അപകടങ്ങൾ വർദ്ധിച്ചതോടെ 2019ലാണ് ഇവിടെ സർവീസ് പാലം എന്ന ആശയം ദേശീയപാത അതോറിട്ടി മുന്നോട്ടുവച്ചത്. കഴിഞ്ഞ വർഷം പുതിയ പാലം നിർമ്മിക്കാനും തീരുമാനിച്ചു. എന്നാൽ പല കാരണങ്ങളാൽ പണി തുടങ്ങാനാകാതെ നീളുകയായിരുന്നു. പദ്ധതി പ്രകാരം പാച്ചല്ലൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് അമ്പലത്തറ എത്തുന്നതിന് ഈ പാലം ഉപയോഗിക്കാനാകും. തിരുവല്ലം ആറിന് കുറുകെയുള്ള 50 വർഷത്തിലേറെ പഴക്കുള്ള പഴയപാലം പൊളിച്ചാണ് പുതിയ പാലം നിർമ്മിക്കുക. 5.5 മീറ്റർ വീതിയിലാകും പാലം പണിയുക. സർവീസ് റോഡും രണ്ട് മീറ്റർ വീതിയിൽ ഫുട്പാത്തും പാലത്തിലുണ്ടാകും. ഇതിനായി ഇവിടെ സ്ഥലമേറ്റെടുക്കേണ്ടതില്ല. പാലം പണി തുടങ്ങുന്നതിന് മുമ്പായി ട്രയൽ റണ്ണായി തിരുവല്ലം ബൈപാസിൽ 24 മണിക്കൂറുള്ള താത്കാലിക ട്രാഫിക് സിഗ്നൽ ലൈറ്റടക്കമുള്ള സംവിധാനവുമൊരുക്കും. തിരുവല്ലം പരശുരാമ സ്വാമിക്ഷേത്രത്തിന് മുന്നിലുള്ള റോഡ് അതേപടി നിലനിറുത്തും. പാലത്തിന്റെ ഭാഗമായി പുതിയ സർവീസ് റോഡ് വരുന്നതോടെ അമ്പലത്തറയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പഴയ പാലത്തിൽ പ്രവേശിക്കാതെ തന്നെ തിരുവല്ലം ജംഗ്ഷനിൽ എത്താനാകും. അപകടനിരക്ക് കുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ച് നാറ്റ്പാക് നേരത്തെ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അപകടം നിത്യസംഭവം
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പഴയ പാലത്തിൽ 26 അപകടങ്ങൾ ആണ് ഉണ്ടായത്. ആറ് പേർ മരിക്കുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുമരിച്ചന്ത ഭാഗത്തുനിന്ന് തിരുവല്ലം ജംഗ്ഷനിലേക്ക് പോകുന്ന നാലുവരിപ്പാതയോട് ചേർന്നുള്ള സർവീസ് റോഡ് തിരുവല്ലം ഇടയാറിലെ മൂന്നാറ്റുമുക്ക് റോഡിലാണ് ചേരുന്നത്. സർവീസ് റോഡ് ഇവിടെ അവസാനിക്കുന്നതിനാൽ കുമരിച്ചന്ത, അമ്പലത്തറ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ തിരുവല്ലം ബൈപാസിലെ വൺവേയായ രണ്ടുവരി പാതയിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്. വെള്ളായണി, വെങ്ങാനൂർ, പാച്ചല്ലൂർ, കരുമം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ജംഗ്ഷനിലെത്തി വൺവേയായ ബൈപ്പാസ് കടന്നാണ് അമ്പലത്തറ ഭാഗത്തേക്ക് പോകുന്നത്. കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. ഒരേ റോഡിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങൾ കടന്നുപോകുന്നത് കാരണമാണ് ഇവിടെ അപകടങ്ങൾ നിത്യസംഭവമായത്.
ട്രാഫിക് പരിഷ്‌കരിക്കും
ബൈപ്പാസിലെ 25 മീറ്ററോളം ദൂരമുള്ള പഴയ പാലം പൊളിക്കുന്നതോടെ വെള്ളായണി, വെങ്ങാനൂർ, പാച്ചല്ലൂർ, പുഞ്ചക്കരി, കരുമം എന്നിവിടങ്ങളിൽ നിന്ന് തിരുവല്ലത്തേക്ക് വരുന്ന വാഹനങ്ങൾ ഇപ്പോഴത്തെ ജംഗ്ഷനിലെത്തിയശേഷം ഇടത്തോട്ട് തിരിയണം. തുടർന്ന് 50 മീറ്റർ മുന്നിലുള്ള യൂടേൺ എടുത്ത് സിഗ്നൽ കഴിഞ്ഞ് വേണം ബൈപ്പാസിലേക്ക് കടക്കേണ്ടത്. പുതിയ പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി കോവളം കുമരിച്ചന്ത ബൈപ്പാസ് വൺവേയാക്കും. ഈഞ്ചയ്ക്കൽ, കല്ലൂമുട്, പരുത്തിക്കുഴി, കുമരിച്ചന്ത ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ഈ വൺവേയിലൂടെയാണ് കടന്നുപോകേണ്ടത്.
എസ്‌റ്റിമേറ്റ് ഉടൻ
പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എസ്‌റ്റിമേറ്റ് ഉടൻ തയ്യാറാക്കും. മൂന്ന് മുതൽ 4 കോടി വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാറ്റ്‌പാകും ദേശീയപാത അതോറിട്ടിയും ഇതുസംബന്ധിച്ച് ചർച്ച നടത്തി. എസ്‌റ്റിമേറ്റ് ലഭിച്ചാലുടൻ ഹൈവേ അതോറിട്ടി പ്രാഥമിക നടപടിക്രമങ്ങൾ തുടങ്ങും. സർവീസ് പാലത്തിന്റെ രൂപം അടക്കം ഇവർ തയ്യാറാക്കും. അതേസമയം, പാലം പണി പൂർത്തിയാകാൻ ഒരു വർഷം എടുക്കുമെന്നാണ് സൂചന.