facebook-lover

ബംഗളൂരു: 'ഫേസ്ബുക്ക് കാമുകനെ' വിവാഹം കഴിച്ചതിന് പിന്നാലെ ഇരുപതുകാരിയ്‌ക്കെതിരെ കേസ്. ബി എസ് സി നഴ്‌സിംഗിന് പഠിക്കുന്ന യുവതിയ്‌ക്കെതിരെയാണ് ബാല വിവാഹത്തിനെതിരെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.

പതിനേഴുകാരനെയാണ് യുവതി വിവാഹം കഴിച്ചിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം പ്രണയമായതോടെ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. യുവതി തന്റെ ബന്ധുക്കളുടെ എതിർപ്പുകൾ വകവയ്ക്കാതെ ചിക്കമംഗളൂരു സ്വദേശിയായ കൗമാരക്കാരനെ വിവാഹം കഴിക്കുകയായിരുന്നു.

അതേസമയം തനിക്ക് 21 വയസുണ്ടെന്നാണ് യുവതിയുടെ 'ഭർത്താവ്' പറയുന്നത്. കൗമാരക്കാരന്റെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം നടന്നത്. വിവാഹ വാർത്ത പരന്നതോടെ പ്രദേശവാസിയാണ് ചൈൽഡ്‌ലൈനിൽ വിവരമറിയിച്ചത്. ഇരുപതുകാരിയുടെയും, ചടങ്ങിനെത്തിയ കൗമാരക്കാരന്റെ ബന്ധുക്കളുടെയും പേരിൽ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.