twitter-

ന്യൂഡൽഹി : കേന്ദ്ര സർക്കാരുമായി നിരന്തരം കലഹിക്കുന്ന ട്വിറ്ററിന്റെ ഭാഗത്ത് നിന്നും വീണ്ടും ഗുരുതര വീഴ്ച. ഇന്ത്യയുടെ വികലമായ ഭൂപടം പ്രദർശിപ്പിച്ചുകൊണ്ടാണ് ട്വിറ്റർ വീണ്ടും ചർച്ചകളിൽ നിറയുന്നത്. ജമ്മു കാശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയുടെ ഭൂപടത്തിൽ നിന്നും ഒഴിവാക്കിയാണ് ട്വിറ്ററിന്റെ പ്രകോപനം. ഈ പ്രദേശങ്ങളെ പ്രത്യേക രാജ്യമായിട്ടാണ് കാണിച്ചിരിക്കുന്നത്. മെക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ കരിയർ വിഭാഗത്തിൽ ദൃശ്യമാകുന്ന ഭൂപടത്തിലാണ് ജമ്മുകശ്മീർ, ലഡാക്ക് എന്നിവ രാജ്യത്ത് നിന്ന് വേർപെടുത്തിയതായി കാണിച്ചിരിക്കുന്നത്.

ഇതാദ്യമായിട്ടല്ല ട്വിറ്റർ ഇന്ത്യയുടെ വികലമായ ഭൂപടം കാണിക്കുന്നത്. ജമ്മു കാശ്മീരിലെ ലേയുടെ ജിയോ ലൊക്കേഷനാണ് മുൻപ് തെറ്റായി നൽകിയത്. ഭൂപടം തെറ്റായി ചിത്രീകരിച്ചതിൽ ശക്തമായ എതിർപ്പ് അറിയിച്ചുകൊണ്ട് കേന്ദ്രം കഴിഞ്ഞ വർഷം ട്വിറ്റർ സി ഇ ഒയ്ക്ക് കത്തെഴുതിയിരുന്നു.

ട്വിറ്ററിന്റെ ഭാഗത്ത് നിന്നുള്ള ഇപ്പോഴത്തെ വീഴ്ചയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേർ പ്രതികരണവുമായി എത്തിയിട്ടുണ്ട്. അതിനിടെ ട്വിറ്റർ ഇന്ത്യയുടെ പരാതി പരിഹാര ഓഫീസർ സ്ഥാനത്തു നിന്ന് ഇന്ത്യക്കാരനായ ധർമ്മേന്ദ്ര ചതുറിനെ മാറ്റി പകരം കാലിഫോർണിയയിൽ നിന്നുമുളള ജെറെമി കെസ്സെലിനെ നിയമിച്ചതും ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പുതിയ ഐ ടി നിയമപ്രകാരം പരാതി പരിഹാര ഓഫീസർ ആയി ഒരു ഇന്ത്യക്കാരൻ തന്നെ വേണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം നിലനിൽക്കുമ്പോഴാണ് ട്വിറ്ററിന്റെ ഈ നീക്കം. ട്വിറ്ററുമായി ശീതസമരത്തിലായിരിക്കുന്ന കേന്ദ്രസർക്കാരിനെ ഈ നീക്കം ചൊടിപ്പിക്കുമെന്നത് ഉറപ്പാണ്.