ലാഹോർ: സമൂഹമാദ്ധ്യമത്തിലെ താരമായ സൂസൻ ഖാന്റെ പിറന്നാളാഘോഷത്തിന്റെ പേരിൽ ലോകത്തെ സകല മൃഗസ്‌നേഹികളുടെയും വിമർശനം കേൾക്കുകയാണ് ഇന്ന് പാകിസ്ഥാൻ. പിറന്നാൾ പാർട്ടിക്ക് കൊഴുപ്പേകാൻ ഇടയ്‌ക്ക് സംഘാടകർ കൊണ്ടുവന്നത് ഒരൊത്ത സിംഹത്തെ. ലാഹോറിൽ നടന്ന പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ലോകമാകെ വിവിധ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പ്രചരിച്ചതോടെ സൂസന് നേരെ ശക്തമായ വിമർശനമാണ് ഉണ്ടായിരിക്കുന്നത്.
ചങ്ങലയിട്ട് കൊണ്ടുവന്ന സിംഹത്തിനെ ഒരു സോഫയിൽ കിടത്തി. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം സിഹത്തെ തൊട്ടുതലോടി. സിംഹത്തിന്റെ കാൽപാദത്തിൽ നഖങ്ങളില്ലെന്നും അവ ഇളക്കി കളഞ്ഞതായി കാണാമെന്നും വീഡിയോ ഷെയർ ചെയ്‌ത് പ്രോജക്‌ട് സേവ് അനിമൽസ് ഉടമ സയിദ് ഹസൻ പറഞ്ഞു.
ഇത്തരത്തിലുളള ആഘോഷത്തിന് സൂസൻ ഖാനെതിര നിയമ നടപടി സ്വീകരിക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു. വിദേശത്ത് നിന്നും ഇത്തരം മൃഗങ്ങളെ ഇറക്കുമതി ചെയ്യാൻ പാകിസ്ഥാനിൽ നിയമമുണ്ട്. ഇവയെ സൂക്ഷിക്കരുതെന്ന രാജ്യത്ത് നിയമമില്ല. അതുകൊണ്ട് തന്നെ രാജ്യത്തെ ആഘോഷങ്ങളിൽ ഇത്തരം മൃഗങ്ങളെ ഉപയോഗിക്കുന്നത് വ്യാപകമാണ്. മാർച്ച് മാസത്തിലും വിവാഹ ഫോട്ടോഷൂട്ടിന് സിംഹക്കുട്ടിയെ ഉപയോഗിച്ചത് അന്താരാഷ്‌ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു.