covid

തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ശമനം ഉണ്ടായെങ്കിലും വ്യാപനം കൂടിയ 20 ജില്ലകളിൽ അഞ്ചെണ്ണം കേരളത്തിലെന്ന് കേന്ദ്രസർക്കാർ. 12 ജില്ലകളുമായി മഹാരാഷ്‌ട്രയാണ് ഒന്നാമത്. കൊവിഡ് വ്യാപനത്തോത് ഉയർന്ന് നിൽക്കുന്ന 20 ജില്ലകളിലെ ആകെയുള്ള 2.27 ലക്ഷം കേസുകളിൽ മഹാരാഷ്ട്രയും കേരളവും കൂടി 44 ശതമാനമാണ് കൈയാളുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആക്ടീവ് കേസുകൾ ഉള്ളത് എറണാകുളം ജില്ലയിലാണ്,​ 14,​428 രോഗികൾ. 67,​681 ആക്ടീവ് കേസുകളുമായി കർണാടകയിലെ ബംഗളൂരു അർബൻ ജില്ലയാണ് മുന്നിൽ. കേരളത്തെ കൂടാതെ തമിഴ്നാട്,​ മഹാരാഷ്ട്ര,​ പശ്ചിമബംഗാൾ. ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ കൊവിഡിന്റെ വ്യാപന നിരക്ക് ദേശീയ ശരാശരിയെക്കാളും ഉയർന്നതാണന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മരണനിരക്കിെ കാര്യത്തിലും കേരളം മുന്നിലാണ്. 19 സംസ്ഥാനങ്ങളിൽ മരണനിരക്ക് 10ന് താഴെ ആയിരിക്കുമ്പോൾ കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന മരണനിരക്ക് നൂറിന് മുകളിൽ ആണെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

 കടുപ്പിക്കാൻ സർക്കാർ

കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ)​ കുറയാതെ നിൽക്കുന്നത് സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിനാൽ തന്നെ സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലവിലുള്ളതുപോലെ തുടരാൻ സർക്കാർ കഴിഞ്ഞയാഴ്ച വാരാന്ത്യ അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. (ടി.പി.ആർ)​ കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. ഒരാഴ്ചയായി ടി.പി.ആർ പത്ത് ശതമാനമായി തുടരുകയാണ്. 21ന് 9.63 ആയിരുന്ന ടി.പി.ആർ പിന്നീട് ഉയർന്ന് 10.4 ശതമാനമായി. ഒരാഴ്ച കൊണ്ട് ഏഴ് ശതമാനത്തിന് താഴെയത്തുമെന്നാണ് സർക്കാർ കരുതിയതെങ്കിലും ഫലം മറിച്ചായിരുന്നു. കഴിഞ്ഞയാഴ്‌ച ദേശീയ ശരാശരി 2.97% മാത്രമാണ്.

കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗണിൽ നൽകിയ ഇളവുകൾ തിരച്ചടിച്ചു എന്ന അഭിപ്രായവും സർക്കാരിനുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും ടി.പി.ആ‍ 15 ശതമാനത്തിന് മുകളിലാണ്. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ വേണമെന്ന നിർദ്ദേശമാണ് ആരോഗ്യ വിദഗ്ദ്ധർ സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്. നിലവിൽ പോസിറ്റിവിറ്റി നിരക്ക് 24നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിൾ ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണം 10നും 15നും ഇടയിലുള്ള സ്ഥലങ്ങളിൽ ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങൾക്കും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. 5 ശതമാനത്തിന് താഴെയാണ് ടി.പി.ആ‍ർ എങ്കിൽ രോഗബാധ നിയന്ത്രണവിധേയമാണെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ടിപിആർ 13.7% വരെയാണ് വർദ്ധിച്ചത്.