teeth

പച്ചവെള‌ളം മാത്രം കഴിച്ചാലും തടിവയ്‌ക്കുന്നുവെന്ന പരാതി നമ്മു‌ടെ നാട്ടിൽ അൽപം വണ്ണമുള‌ളവരെല്ലാം പറഞ്ഞുകേൾക്കുന്ന പതിവ് പല്ലവിയാണ്. ഇതിന് പലവിധ ചികിത്സയും ഓപറേഷനും എല്ലാം ചെയ്‌തു നോക്കി വിഷമിച്ചിരിക്കുന്നവ‌‌ർ നിത്യവും കാണുന്ന കാഴ്‌ചയാണ്. ലോകമാകെയുള‌ള മനുഷ്യർ നേരിടുന്ന സുപ്രധാനമായൊരു പ്രശ്‌നമായ ഈ പൊണ്ണത്തടി തനിയെ കുറയാനുള‌ള ഒരു യന്ത്രം കണ്ടെത്തി.

വിശ്വസിക്കാൻ പറ്റുന്നില്ലേ? സംഗതി സത്യമാണ്. ന്യൂസിലാന്റിലെ ഒട്ടാഗോ സർവകലാശാലയും ബ്രിട്ടീഷ് ഗവേഷകരും ചേർന്ന് നടത്തിയ പഠനത്തിനൊടുവിലാണ് വൈദ്യശാസ്‌ത്രത്തിലൂടെ കണ്ടെത്തിയ ലോകത്തിലെ ആദ്യ ഭാരം കുറയ്‌ക്കൽ ഉപകരണം രൂപപ്പെടുത്തിയത്. എടുത്താൽ പൊങ്ങാത്ത ഉപകരണമൊന്നുമല്ല ഇത്. പകരം നമ്മുടെ വായിലെ പല്ലിൽ ഘടിപ്പിക്കാവുന്ന ഒന്നാണ്. 'ദന്തൽ സ്ളിം ഡയറ്റ് കൺട്രോൾ'. ക്ളിനിക്കൽ ട്രയലിൽ മികച്ച ഫലമാണ് ഉപകരണം നൽകിയത്. കഴിഞ്ഞ അഞ്ച് വർഷം നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് യന്ത്രം പൂ‌ർത്തീകരിച്ചത്.

യന്ത്രത്തിന്റെ താഴെയും മുകളിലുമുള‌ള മാഗ്‌നറ്റിക് യന്ത്രഭാഗം വായ വലുതായി തുറക്കുന്നത് തടയുന്നു. എന്നാൽ സംസാരിക്കുന്നതിനും ശ്വാസം വിടുന്നതിനുമൊന്നും തടസമില്ല. ഇങ്ങനെ വായ തുറക്കുന്നത് തടയുമ്പോൾ പരമാവധി ദ്രാവകരൂപത്തിലെ ഭക്ഷണം മാത്രമേ ഘടിപ്പിച്ചയാൾ കഴിക്കൂ. അത്തരത്തിൽ ക്രമേണം ഭാരം കുറയുകയും ചെയ്യും.

ഈ ഉപകരണം ഫലപ്രദവും സുരക്ഷിതവും കൊണ്ടുനടക്കാവുന്നതുമായിരിക്കുമെന്ന് പ്രധാന ഗവേഷകനും ഒട്ടാഗോ സർവകലാശാല പ്രൊ വൈസ് ചാൻസിലറുമായ പ്രൊ. പോൾ ബ്രൺടൺ പറഞ്ഞു. ഒരു ദന്തരോഗ വിദഗ്ദ്ധന്റെ സഹായത്തോടെ ഇത് ഘടിപ്പിക്കാം. ഉപയോഗിക്കുന്ന ആളിന് തന്നെ അത്യാവശ്യമെങ്കിൽ ഇളക്കിയെടുക്കാനും സാധിക്കും.

ഉപകരണത്തിന്റെ പരീക്ഷണഘട്ടത്തിൽ പങ്കെടുത്തവരിൽ പല‌ർക്കും രണ്ടാഴ്‌ച കൊണ്ട് 6.5 കിലോ വരെ കുറഞ്ഞു. തുടർന്നും ഭാരം കുറയുന്നുണ്ട്. യന്ത്രം ഘടിപ്പിച്ച് 24 മണിക്കൂർ നേരത്തേക്ക് വേദനയും താടിയിൽ അസ്വസ്ഥതയും അനുഭവപ്പെട്ടു. എന്നാൽ ക്രമേണ അവ അവർക്ക് ശീലമായി.