delta

വാഷിംഗ്ടൺ: വാക്സിനേഷൻ പ്രക്രിയ സുഗമമായി പുരോഗമിക്കുമ്പോൾ കൊവിഡിനെ തുടച്ച് നീക്കാമെന്ന പ്രതീക്ഷയിലാണ് പാശ്ചാത്യ രാജ്യങ്ങൾ. എന്നാൽ, വാക്സിൻ ദൗർലഭ്യമുള്ള ആഫ്രിക്കൻ രാജ്യങ്ങൾ ഡെൽറ്റ വകഭേദം വിതച്ചേക്കാവുന്ന നാശത്തിന്റെ ഭീതിയിലാണ്.

ജനസംഖ്യയുടെ 5 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രം വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുള്ള ആഫ്രിക്കൻ രാജ്യങ്ങൾ ഭീഷണിയിലാണ്. ജനിതക നിരീക്ഷണ പര്യവേഷണ സംവിധാനങ്ങളിലും ഈ രാജ്യങ്ങൾ പിന്നിലാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിലെ പ്രമുഖ നഗരങ്ങളിലെ ആശുപത്രികിടക്കകൾ നിറഞ്ഞു തുടങ്ങിയിരിക്കുന്നു. ഡെൽറ്റാ വകഭേദത്തിന്റെ പല ജനിതകശ്രേണികൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

കിഴക്കനാഫ്രിക്കൻ രാജ്യങ്ങളും കടുത്ത സമ്മർദത്തിലാണ്. ദക്ഷിണാഫ്രിക്കയിൽ വാണിജ്യ തുറമുഖങ്ങളിലെ ചില കപ്പൽ ജോലിക്കാരിൽ മാത്രമേ ഇതുവരെ ഡെൽറ്റ സ്ഥിരീകരിച്ചിട്ടുള്ളൂ. യാത്രാവിലക്കുകളും, B. 1.351 എന്ന ബീറ്റാ വകഭേദം മൂലമുള്ള തരംഗം ഇപ്പോഴും നിലനിൽക്കുന്നത് കൊണ്ടുമാകാം ദക്ഷിണാഫ്രിക്കയിൽ ഡെൽറ്റ പടരാത്തത്. P. 1 എന്ന ഗാമാ വകഭേദം തരംഗമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ബ്രസീലിലും ഡെൽറ്റ വിരളമാണ്.

അതേസമയം, ജൂൺ 21 ന് കൊവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതിനിടെയിലാണ് ഡെൽറ്റാ വകഭേദം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മുതൽ ഡെൽറ്റ മൂലം കൊവിഡിന്റെ മൂന്നാം തരംഗത്തിന്റെ പിടിയിലാണ് ബ്രിട്ടൻ. റഷ്യയിലും ഡെൽറ്റ ആശങ്ക ഉയർത്തുന്നുണ്ട്.

ഡെൽറ്റ എന്ന ഭീകരൻ

ഡെൽറ്റ എന്നു വിളിപ്പേരുള്ള B.1.617.2 എന്ന വകഭേദം വാക്സിനെ പരാജയപ്പെടുത്താൻ ശേഷിയുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. നേപ്പാൾ, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങി നിരവധി പ്രദേശങ്ങളിൽ കൊവിഡ് വ്യാപിക്കാൻ കാരണമായത് ഡെൽറ്റയാണ്. ഡെൽറ്റയെ തടയുന്നത് ബുദ്ധിമുട്ടാണെന്നും ലോകമെമ്പാടും ഇവ എത്തിച്ചേരുമെന്നും വിദഗദ്ധർ പറയുന്നു.

ആൽഫയേക്കാൾ വ്യാപനശേഷി

2020 അവസാനം ബ്രിട്ടനിൽ കണ്ടെത്തിയ,ഉയർന്ന രോഗവ്യാപനശേഷിയുള്ള ആൽഫാ വകഭേദ ( B.1.1.7 ) ത്തേക്കാൾ 60 ശതമാനം കൂടുതൽ വ്യാപനശേഷിയുള്ളവയാണ് ഡെൽറ്റ. വാക്സിനെ മിതമായ നിരക്കിലാണെങ്കിലും ഇവ മറികടക്കും. പ്രത്യേകിച്ച് ഒറ്റ ഡോസ് മാത്രം സ്വീകരിച്ചവരിൽ ഇവ രോഗബാധയുണ്ടാക്കുന്നതായി റിപ്പോർട്ടുണ്ട്.

ഫൈസർ അല്ലെങ്കിൽ അസ്ട്രാസെനെക്കയുടെ ഒരു ഡോസ് സ്വീകരിച്ചവരിൽ ആൽഫാ മൂലം കൊവിഡ് ലക്ഷണങ്ങൾ വരാനുള്ള സാദ്ധ്യത പകുതിയോളം കുറഞ്ഞപ്പോൾ ഡെൽറ്റ മൂലമുള്ള സാദ്ധ്യത മൂന്നിലൊന്നു മാത്രമാണ് കുറഞ്ഞതെന്നാണ് റിപ്പോർട്ട്. മാത്രമല്ല ഡെൽറ്റ രോഗബാധയുണ്ടായവരിൽ ആശുപത്രിവാസത്തിനുള്ള സാദ്ധ്യത ആൽഫാ ബാധിച്ചവരേക്കാൾ രണ്ടിരട്ടിയിലധികമാണെന്നും പഠനങ്ങൾ പറയുന്നുണ്ട്.

ആശ്വാസത്തിനും വകയുണ്ട്
വാക്സിനേഷനിലും, വൈറസുകളുടെ ജനിതക നിരീക്ഷണ പര്യവേക്ഷണത്തിലും മുൻപന്തിയിലുള്ള യൂറോപ്പിലെ രാജ്യങ്ങൾ പുതിയ തരംഗത്തിന്റെ ശക്തിയും വ്യാപ്തിയും കുറയ്ക്കാമെന്ന ആത്മവിശ്വാസത്തിലാണ്. മികച്ച വാക്സിൻ സ്റ്റോക്കും മെച്ചപ്പെട്ട വാക്സിനേഷൻ നിരക്കുമുള്ള രാജ്യങ്ങൾക്ക് ആശ്വസിക്കാൻ വക നൽകുന്ന പഠനഫലങ്ങളുണ്ട്. ആശുപത്രിയിലാകാനുള്ള സാദ്ധ്യത ഒരു ഡോസ് വാക്സിനെടുത്തവരിൽ 75 ശതമാനവും പൂർണമായി വാക്സിൻ സ്വീകരിച്ചവരിൽ 94 ശതമാനവും വാക്സിൻ സ്വീകരിക്കാത്തവരേക്കാൾ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അമേരിക്കയുടെ മദ്ധ്യപശ്ചിമ, തെക്കുകിഴക്കൻ മേഖലകളിലും ഡെൽറ്റാ കൂടിവരുന്നുണ്ട്.