dyfi-gold

കോട്ടയം: ഡി.വെെ.എഫ്.ഐയുടെ ഫണ്ട് സ്രോതസ് പരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പാർട്ടിക്കായി പ്രവർത്തന ഫണ്ട് നൽകുന്നത് കേരളത്തിൽ നിന്നാണ്. പിണറായി വിജയന്റെ ഭരണത്തിൻ കീഴിൽ സംസ്ഥാനത്ത് സ്വർണക്കടത്ത് കൂടി എന്നും അദ്ദേഹം ആരോപിച്ചു. സ്വർണ കടത്ത് പണത്തിൽ നിന്നും ലഭിക്കുന്ന വിഹിതം ആണോ വിവിധ സംസ്ഥാനങ്ങളിൽ സി.പി.എം വിതരണം ചെയ്യുന്നതെന്നും രാധാകൃഷ്ണൻ ചോദിച്ചു.

പിണറായി വിജയന്റെ ഭരണത്തിൻ കീഴിൽ സംസ്ഥാനത്ത് സ്വർണക്കടത്ത് കൂടി എന്നാണ് നിലവിൽ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഇരുപത്തി രണ്ട് തവണ അർജുൻ ആയങ്കി സ്വർണം കടത്തിയതായാണ് കസ്റ്റംസ് നൽകുന്ന വിവരം. 17 കിലോ സ്വർണം ഇതുവരെ ഇയാൾ കടത്തിയെന്നാണ് കണക്ക്. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സ്വർണക്കടത്ത് സംഘങ്ങളുമായി ഇഴചേർന്ന് കിടക്കുകയാണ്.

കൊടുവള്ളി സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ളവരാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന് മിനി കൂപ്പർ യാത്ര ചെയ്യാനായി നൽകിയത്. സി.പി.എമ്മിന് സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം സൂചിപ്പിക്കുന്നത് ആയിരുന്നു ഈ സംഭവം. അർജുൻ ആയങ്കിക്ക് പാർട്ടിയുമായി ബന്ധം ഇല്ല എന്നാണ് സി.പി.എം വിശദീകരിക്കുന്നത്. നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നു. എന്ത് കാരണത്തിൽ ആണ് അർജുൻ ആയങ്കിയെ പാർട്ടി പുറത്താക്കിയത് എന്നും രാധാകൃഷ്ണൻ ചോദിച്ചു.

സ്വർണ കടത്ത് ബന്ധം ഉള്ളതായി കണ്ടതിനാൽ ആണെങ്കിൽ എന്തുകൊണ്ടാണ് അന്ന് ഈ വിവരം പൊലീസിനെ അറിയിക്കാതിരുന്നത്. സി.പി.എം ഇക്കാര്യത്തിൽ വിശദീകരണം നൽകണം. സംഭവം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും എന്നും രാധാകൃഷ്ണൻ പറഞ്ഞു. പിണറായി വിജയന്റെ ഭരണത്തിൻകീഴിൽ സംസ്ഥാന അന്വേഷണ ഏജൻസികളുടെ ഇത്തരം അന്വേഷണങ്ങൾ ഫലം കാണില്ല. അതുകൊണ്ടാണ് കേന്ദ്ര സർക്കാറിനെ വിവരം ധരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.