ഏറ്റവും കൂടുതൽ മലപ്പുറത്ത്
തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 145 ശൈശവ വിവാഹ കേസുകൾ. ഇതിൽ 28 എണ്ണത്തിൽ പൊലീസ് അന്വേഷണം നടത്തുകയും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. മൂന്ന് കേസുകളിൽ നിയമലംഘനം നടന്നതായി കണ്ടെത്തുകയും രണ്ടെണ്ണത്തിൽ കുറ്റക്കാർക്ക് ശിക്ഷ വിധിക്കുകയും ചെയ്തു. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കണക്കാണിത്. 2019ൽ 195 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ ശൈശവവിവാഹങ്ങൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ് ; 38 കേസുകൾ. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഒമ്പത് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആലപ്പുഴ - രണ്ട്, കോട്ടയം- 01, ഇടുക്കി -18, എറണാകുളം- മൂന്ന്, തൃശൂർ- ഏഴ്, പാലക്കാട് - 6, കണ്ണൂർ- 14, കോഴിക്കോട്- 2, വയനാട്- 35 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ശൈശവ വിവാഹങ്ങളുടെ കണക്ക്. കാസർകോട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തില്ലെന്നതും ശ്രദ്ധേയമാണ്.
തടയാൻ 'പൊൻവാക്ക് '
ശൈശവവിവാഹം തടയാൻ വനിതാ ശിശുവികസന വകുപ്പ് പൊൻവാക്ക് എന്ന പേരിൽ പദ്ധതി തുടങ്ങിയിട്ടുണ്ട്. ശൈശവ വിവാഹത്തെക്കുറിച്ച് മുൻകൂട്ടി വിവരം നൽകുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനൊപ്പം 2500 രൂപ പാരിതോഷികവും നൽകുന്നതാണ് പദ്ധതി. കൃത്യമായ വിവരങ്ങൾ വിവാഹത്തിന് മുമ്പ് അറിയിക്കുകയും ഇത് അധികൃതർക്ക് ബോദ്ധ്യപ്പെടുകയും ചെയ്താൽ മാത്രമേ പാരിതോഷികം ലഭിക്കുകയുള്ളൂ. വിവാഹത്തിന് ശേഷം വിവരം നൽകിയാൽ പാരിതോഷികത്തിന് അർഹതയുണ്ടാകില്ല. ജില്ലാ ശിശുസംരക്ഷണ ഓഫീസ്, ശിശുക്ഷേമസമിതി, വനിതാശിശുവികസന ഓഫീസ് എന്നിവിടങ്ങളിൽ നേരിട്ടും ഇ-മെയിൽ വഴിയും വിവരം അറിയിക്കാം.