c

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച വിസ്മയയുടെ വീട്ടിൽ ആശ്വാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെത്തി. തൊഴുകൈകളോടെ നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിലേക്കെത്തിയ ഗവർണർ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരെയും അമ്മ സജിതയെയും സഹോദരൻ വിജിത്തിനെയും ആശ്വസിപ്പിച്ചു.

സംഭവം നടക്കുമ്പോൾ പൂനെയിലായിരുന്നുവെന്നും ദേശീയമാദ്ധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും കുടുംബാംഗങ്ങളോട് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ വിസ്മയയുടെ ആത്മഹത്യയെപ്പറ്റി ആരാഞ്ഞെന്നും പൊലീസിന്റെയും ജുഡീഷ്യറിയുടെയും ഭാഗത്തുനിന്ന് ഒരു കാലതാമസവുമുണ്ടാകില്ലെന്നും ഗവർണർ പറഞ്ഞു. അച്ഛനും അമ്മയ്ക്കും താങ്ങാകണമെന്ന് വിസ്മയയുടെ സഹോദരൻ വിജിത്തിനെയും ഭാര്യ ഡോ. രേവതിയെയും ഉപദേശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

 സ്ത്രീധനത്തോട് നോ പറയണം

സ്ത്രീധനത്തോട് നോ പറയാൻ പെൺകുട്ടികൾ തയ്യാറാകണമെന്ന് വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം ഗവർണർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പല മേഖലകളിലും കേരളം മുന്നിലാണെങ്കിലും സ്ത്രീധനം പോലുള്ള പ്രവണതകൾ നിലനിൽക്കുന്നുണ്ട്. സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്നുവയ്ക്കാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.