ബാങ്കോക്ക്:തായ്‌ലൻഡിൽ മുൻ കാമുകന് സമ്മാനമായി നൽകിയ ബൈക്ക് കത്തിച്ച് പ്രതികാരം വീട്ടി 36കാരി.
കഴിഞ്ഞ ദിവസം ബാങ്കോക്കിലെ ഒരു സ്കൂളിന്റെ പാർക്കിംഗിലാണ് സംഭവം നടന്നത്.
തനിക്കൊപ്പം ജീവിക്കാൻ ആവശ്യപ്പെട്ടപ്പോൾ കാമുകൻ നിരസിച്ചത് യുവതിയെ പ്രകോപിപ്പിക്കുകയായിരുന്നു.
യുവതി കത്തിച്ച ഇരുചക്ര വാഹനത്തിനു സമീപം ആറ് വാഹനങ്ങൾ കൂടി പാർക്ക് ചെയ്തിരുന്നു. ഇവയിലേക്ക് തീ പടർന്നു പിടിക്കുന്നതിനു മുൻപ് അഗ്നിശമനസേന എത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവം ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതരാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്.
ഫയർഫോഴ്സ് സ്ഥലത്തെത്തി 10 മിനിട്ടുകൾക്കകം തന്നെ തീയണച്ചു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതിയായ യുവതിയെ തിരിച്ചറിഞ്ഞത്. യുവതിയുടെ മുൻ കാമുകൻ സ്കൂളിലാണ് ജോലി ചെയ്യുന്നത്.
തികച്ചും വൈകാരികമായി നടത്തിയ പ്രതികരണമാണ് യുവതിയുടേതെന്ന് പൊലീസ് വ്യക്തമാക്കി.