തിരുവനന്തപുരം: താൻ പാർട്ടിയെ വെല്ലുവിളിച്ചെന്ന വാർത്തകൾക്ക് പിന്നാലെ തന്റെ പ്രതികരണത്തിൽ വ്യക്തതവരുത്തി ഷുഹെെബ് വധക്കേസ് പ്രതിയും മുൻ സി.പി.എം പ്രവർത്തകനുമായ ആകാശ് തില്ലങ്കേരി. പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ലെന്നും ആരോപണം വാർത്താ സമ്മേളനം വിളിച്ച് നിഷേധിക്കുമെന്നാണ് പറഞ്ഞതെന്നും ആകാശ് വ്യക്തമാക്കി. തനിക്കെതിരെയുളളത് അടിസ്ഥാനരഹിതമായ ആരോപണമാണ്. പാർട്ടി പുറത്താക്കിയ സ്വതന്ത്രനായ വ്യക്തിയാണ് താൻ. താൻ ചെയ്യുന്ന പ്രവൃത്തിക്ക് പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും ആകാശ് ഫേസ്ബുക്കിൽ കുറിച്ചു.
പാര്‍ട്ടിയെ മറയാക്കി സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പരിപാടിയാണ് ആകാശ് തില്ലങ്കേരിയും കൂട്ടാളികളും നടത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍ അംഗീകരിക്കാനാകില്ലെന്ന് ആകാശ് പ്രതികരിച്ചിരുന്നു. ഈ പ്രചാരണം തുടര്‍ന്നാല്‍ പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും വാര്‍ത്താസമ്മേളനം പ്രതീക്ഷിക്കാമെന്നും ആകാശ് ഫേസ്ബുക്കിൽ കമന്റ് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആകാശ് പാർട്ടിയെ വെല്ലുവിളിച്ചു എന്ന വാർത്ത മാദ്ധ്യമങ്ങൾ നൽകിയത്.
ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അനശ്വര രക്തസാക്ഷി സഖാവ് കണ്ണിപൊയിൽ ബാബുവേട്ടൻ വധത്തിലെ പ്രതികളുമായ് ഞാൻ കൂട്ട് ചേർന്നു എന്നുള്ള രീതിയിൽ ഉത്തരവാദിത്തപ്പെട്ട ചിലരിൽ നിന്നുണ്ടായ പ്രതികരണം എനിക്ക് താങ്ങാൻ കഴിയുന്നതിലും വലിയ വേദനയാണ് ഉണ്ടാക്കിയത് ആ ആരോപണം പത്രസമ്മേളനം വിളിച്ച് ഞാൻ നിഷേധിക്കും എന്ന രീതിയിൽ ഒരു കമന്റിനു മറുപടി കൊടുത്തത്. "ഞാൻ പാർട്ടിയെ വെല്ലുവിളിക്കുന്നു, ഭീഷണിപ്പെടുത്തുന്നു" എന്ന രീതിയിൽ മാദ്ധ്യമങ്ങൾ വളച്ചൊടിച്ച് വാർത്തയാക്കിയത് കണ്ടു.
ഷുഹൈബ് വധവുമായ് പ്രതിചേർക്കപെട്ടപ്പോൾ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് ഇവിടത്തെ മാദ്ധ്യമങ്ങൾക്കും ജനങ്ങൾക്കും അറിയാവുന്നതാണ്. എനിക്കെതിരെ ഇപ്പോൾ മാദ്ധ്യമങ്ങളും, രാഷ്ട്രീയ ശത്രുക്കളും ഉയർത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഉത്തരവാദിത്തപ്പെട്ട ഏജൻസികളുടെ അന്വേഷണം കഴിയുന്നതോടെ നിങ്ങൾക്ക് ബോദ്ധ്യമാകും.
പാർട്ടി പുറത്താക്കിയ, സ്വതന്ത്ര വ്യക്തിയായ ഞാൻ ചെയ്യുന്ന എന്തെങ്കിലും പ്രവർത്തികൾക്ക് ഞാൻ മുൻ പാർട്ടി പ്രവർത്തകൻ ആയിരുന്നതിന്റെ പേരിൽ പാർട്ടി ഉത്തരവാദിത്തം ഏൽകേണ്ട കാര്യവും ഇല്ല. രക്തസാക്ഷികളെ ഞാൻ ഒറ്റു കൊടുത്തു എന്ന് ആരെങ്കിലും ആരോപിച്ചാൽ അത് തികച്ചും വസ്തുതാവിരുദ്ധം ആണ് എന്ന് ഒരിക്കൽ കൂടി പറയുകയാണ്.
എന്റെ പ്രവർത്തികൾക്ക് പാർട്ടിയെ വലിച്ചിഴക്കേണ്ട എന്ന് മുഴുവൻ മാദ്ധ്യമങ്ങളോടും തഴ്മയായ് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്. നിങ്ങൾ എന്നെ എത്ര വേണമെങ്കിലും വിചാരണ ചെയ്തുകൊള്ളു, എന്നാൽ എന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടി ഉത്തരവാദിത്തം പറയണം എന്ന വാദം ബാലിശമാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.