kk

മുംബയ്: കൊവിഡ് രണ്ടാംതരംഗത്തിൽ മുംബയ് ന​ഗരത്തിലെ 18 വയസില്‍ താഴെയുള്ള കുട്ടികളിൽ രോഗവ്യാപനം ഉണ്ടായതായി സിറോ സർവേഫലം. ആന്റിബോഡിയുള്ളവരുടെ എണ്ണത്തിലെ വര്‍ദ്ധനയുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ. ഏപ്രില്‍ ഒന്നിനും ജൂണ്‍ 15 നുമിടയില്‍ മുംബയിലെ പാത്ത് ലാബുകളില്‍ നിന്ന് ശേഖരിച്ച 2176 രക്ത സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ 51 ശതമാനത്തിലധികം കുട്ടികളിലും ആന്റിബോഡിയുണ്ടെന്ന് കണ്ടെത്തി. പത്തിനും 14 നും ഇടയില്‍ പ്രായമുള്ള 53.43 ശതമാനം കുട്ടികളിലും 15 നും 18 നുമിടയിൽ പ്രായമുള്ള 51.39 ശതമാനത്തിലും ഒന്നിനും നാല് വയസിനുമിടെ പ്രായമുള്ള 51.04 ശതമാനത്തിലും ആന്റിബോഡി കണ്ടെത്തി. ഇതോടെയാണ് 18 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ 51.18 ശതമാനത്തിനും കോവിഡിനെതിരായ ആന്റീബോഡിയുണ്ടെന്ന് വ്യക്തമായത്.

2021 മാര്‍ച്ചില്‍ നടത്തിയ സിറോ സര്‍വേയിൽ 18 വയസില്‍ താഴെയുള്ള 39.4 ശതമാനം കുട്ടികളില്‍ കൊവിഡ് ആന്റിബോഡി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. . അന്നത്തെ ഫലവുമായി താരതമ്യം ചെയ്യുമ്ബോള്‍ കുട്ടികളില്‍ കൊവിഡ് ആന്റിബോഡി വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് പുതിയ സിറോ സര്‍വേയില്‍ വ്യക്തമായിട്ടുള്ളതായി ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.

മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള 8000 കുട്ടികള്‍ക്ക് മേയ് മാസത്തില്‍ കോവിഡ് ബാധിച്ചുവെന്ന് അധികൃതര്‍ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ജില്ലയില്‍ ആ സമയത്ത് ആകെ കോവിഡ് ബാധിച്ചവരുടെ പത്ത് ശതമാനമാണ് ഇത്.കര്‍ണാടകയില്‍ 1.4 ലക്ഷം കുട്ടികള്‍ക്ക് മാര്‍ച്ച്‌- മെയ് മാസങ്ങള്‍ക്കിടെ കോവിഡ് ബാധിച്ചിരുന്നുവെന്ന് കഴിഞ്ഞ മാസം നടത്തിയ സിറോ സര്‍വേയില്‍ വ്യക്തമായിരുന്നു. ഇതില്‍ 40,000ത്തോളം പേര്‍ പത്ത് വയസില്‍ താഴെ പ്രായമുള്ളവരാണ്.