ram-nath-kovind

തിരുവനന്തപുരം: വികസനത്തിനായി കൃത്യമായി നികുതി അടയ്ക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. തന്റെ പ്രതിമാസവരുമാനത്തിന്റെ അൻപത് ശതമാനത്തിലധികവും നികുതിയായി അടയ്ക്കുന്നു. നികുതി നൽകിയതിനുശേഷം തനിക്ക് മിച്ചം പിടിക്കാൻ കഴിയുന്നതിലും അധികം തുക നികുതി നൽകിയതിനുശേഷം മറ്റ് ഉദ്യോഗസ്ഥർ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ തന്റെ ജന്മനാട്ടിലേക്കുളള യാത്രയ്ക്കിടെ ജിന്‍ജാക്കില്‍ നടന്ന പരിപാടിയിലാണ് രാഷ്ട്രപതി ഇപ്രകാരം പറഞ്ഞത്.

‘ഒരു ട്രെയിന്‍ ഏതെങ്കിലും സ്‌റ്റേഷനില്‍ നിര്‍ത്തിയില്ലെന്ന് പറഞ്ഞാൾ ചിലപ്പോൾ ദേഷ്യത്തിൽ നമ്മള്‍ അത് ബലംപ്രയോഗിച്ച് നിര്‍ത്താന്‍ ശ്രമിക്കും. ചിലപ്പോള്‍ ട്രെയിനിന് തീയിടും. അങ്ങനെ ചെയ്താല്‍ ആര്‍ക്കാണ് നഷ്ടം? ആളുകൾ പറയും അത് സര്‍ക്കാരിന്റെ സ്വത്താണെന്ന്. എന്നാല്‍ അത് നികുതിദായകന്റെ പണമാണ്. രാഷ്ട്രപതി രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പളമുളള വ്യക്തിയാണ്. രാഷ്ട്രപതിയും നികുതി അടയ്ക്കുന്നുണ്ട്. താൻ ഓരോ മാസവും 2.75 ലക്ഷം രൂപ നികുതിയായി നൽകുന്നു. എല്ലാവരും പറയുന്നു എനിക്ക് അഞ്ച് ലക്ഷം രൂപ മാസ സമ്പളമുണ്ടെന്ന്. പക്ഷേ, നികുതിയും ഈടാക്കുന്നുണ്ടെന്നും കോവിന്ദ് പറഞ്ഞു.

ഇരുദിന സന്ദർശനത്തിനായി ഡൽഹിയിൽ നിന്നും ട്രെയിനിലാണ് രാഷ്ട്രപതി കാൺപൂരിലേക്ക് യാത്ര തിരിച്ചത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ടെയിനിൽ യാത്ര ചെയ്യുന്ന ആദ്യ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പലപ്പോഴും ട്രെയിനിൽ സഞ്ചരിച്ചിരുന്നു. രാഷ്ട്രപതിമാരായിരുന്ന സക്കീർ ഹുസൈൻ, വി.വി ഗിരി, എൻ. സഞ്ജീവ റെഡ്ഡി എന്നിവരും ജനങ്ങളുമായി സംവദിക്കാൻ ട്രെയിനിൽ പോയിരുന്നു. സഞ്ജീവ റെഡ്ഡിക്ക് ശേഷം മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ് ഡോ. എ.പി.ജെ അബ്ദുൾ കലാമാണ് ട്രെയിനിൽ സഞ്ചരിച്ച രാഷ്ട്രപതി. ഇന്ത്യൻ മിലിട്ടറി അക്കാഡമിയിലെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ ഡെറാഡൂണിലേക്കായിരുന്നു കലാമിന്റെ യാത്ര.