nambi-narayanan-

തിരുവനന്തപുരം : ഐ എസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞൻ നമ്പി നാരായണനിൽ നിന്നും സി ബി ഐ ഉദ്യോഗസ്ഥർ ഇന്ന് മൊഴിയെടുക്കും. കേസ് അന്വേഷണത്തിനായി ഡൽഹിയിൽ നിന്നും സി ബി ഐ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. കൊവിഡ് കാലത്തും മിന്നൽ വേഗത്തിൽ അന്വേഷണം നടത്താനാണ് സി ബി ഐ നീക്കം. ചാരക്കേസിലെ ഗൂഢാലോചനയുടെ ചുരുളഴിക്കുകയാണ് അന്വേഷണ സംഘത്തിന്റെ മുഖ്യ ലക്ഷ്യം. നമ്പി നാരായണനിൽ നിന്നും മൊഴിയെടുക്കുന്നതിന് പുറമേ ആദ്യ ഘട്ടത്തിൽ പ്രതിപ്പട്ടികയിലുള്ള പതിനെട്ട് പേരിൽ നിന്നും മൊഴി രേഖപ്പെടുത്തും. ഇതിൽ കേസിലെ നാലാം പ്രതിയായ മുൻ ഐ ബി ഉദ്യോഗസ്ഥൻ കൂടിയായ സിബി മാത്യൂസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുണ്ട്. ഇതും ഇന്ന് പരിഗണിക്കുന്നുണ്ട്.

ചാരക്കേസിൽ കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് നമ്പി നാരായണൻ നൽകിയ ഹർജി പ്രകാരമാണ് ചാരക്കേസിന്റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.


സി ബി ഐ സംഘത്തിൽ സന്തോഷ് ചാൽക്കെയും

രണ്ട് ഡി.ജി.പിമാരടക്കം 18 പൊലീസ്, ഐ.ബി ഉദ്യോഗസ്ഥർ പ്രതികളായ ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയുടെ ചുരുളഴിക്കാൻ സി.ബി.ഐയിലെ പുലിക്കുട്ടി ചാൽക്കെ സന്തോഷ്‌കുമാർ എത്തുന്നു. ഡൽഹിയിലെ സ്‌പെഷ്യൽ ക്രൈം യൂണിറ്റിൽ ഡി.ഐ.ജിയായ സന്തോഷിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് അരുൺറാവത്തും ആറ് ഉദ്യോഗസ്ഥരുമാവും കേസന്വേഷിക്കുക. റാവത്തും സംഘവും രണ്ട് ദിവസം മുൻപേ തിരുവനന്തപുരത്തെത്തി. 2004 ബാച്ച് രാജസ്ഥാൻ കേഡർ ഉദ്യോഗസ്ഥനായ സന്തോഷ് ഇന്നലെയെത്തി . തിരുവനന്തപുരം സി.ബി.ഐ ഓഫീസാണ് ക്യാമ്പ്. നമ്പിനാരായണന്റെ മൊഴിയെടുത്താവും അന്വേഷണമാരംഭിക്കുക. പ്രതികൾക്കെല്ലാം ഉടൻ നോട്ടീസയയ്ക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കി. അന്വേഷണം മാലെദ്വീപിലേക്കും നീളും.

പൊലീസിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും ഉന്നതഉദ്യോഗസ്ഥർ പ്രതികളായ 27വർഷം മുൻപുള്ള ഗൂഢാലോചനയാണ് സി.ബി.ഐയ്ക്ക് തെളിയിക്കേണ്ടത്. ചാരക്കേസ് കെട്ടിച്ചമച്ചതിനുള്ള കാരണവും കണ്ടെത്തണം. ഇന്ത്യ ക്രയോജനിക് സാങ്കേതികവിദ്യ കൈവരിക്കുന്നത് തടയാനുള്ള ശ്രമമാണോ നടന്നതെന്നാണ് പരിശോധിക്കുന്നത്.