indian-army-

ശ്രീനഗർ : കഴിഞ്ഞ ദിവസം സൈന്യത്തിന്റെ പിടിയിലായ ലഷ്‌കർ ഇ തയ്ബ കമാൻഡർ നദീം അബ്രാർ കൊല്ലപ്പെട്ടു. ശ്രീനഗറിലെ മലൂറ പരിപോറയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഒളിപ്പിച്ചു വച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനായി പിടിയിലായ ഭീകരനെയും കൊണ്ട് സൈന്യം തിരച്ചിൽ നടത്തവേയാണ് ആക്രമണം ഉണ്ടായത്. അബ്രാറിന്റെ കൂട്ടാളി സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതിനെ തുടർന്ന് സൈന്യം പ്രദേശം വളയുകയായിരുന്നു. ഭീകരനെ രക്ഷപ്പെടുത്താനെത്തിയ കൂട്ടാളിയും സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇയാൾ പാകിസ്ഥാൻ പൗരനാണ്.

ശ്രീനഗറിലെ ഒരു വീട്ടിൽ ആയുധങ്ങൾ ഒളിപ്പിച്ചു എന്നാണ് ചോദ്യം ചെയ്യലിനിടെ ഭീകരൻ വെളിപ്പെടുത്തിയത്. ഇതേതുടർന്നാണ് സൈന്യം ഇയാളുമായി തിരച്ചിലിന് പുറപ്പെട്ടത്. വീട്ടിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ഭീകരന്റെ കൂട്ടാളികൾ വെടിയുതിർത്തത്. സംഭവ സ്ഥലത്ത് നിന്നും രണ്ട് എ കെ 47 റൈഫിളുകളും വെടിക്കോപ്പുകളും ഉൾപ്പെടെ വൻ ആയുധ ശേഖരം പിടിച്ചെടുത്തു.

ശ്രീനഗർ ദേശീയ പാതയിൽ ആക്രമണം നടത്താനുദ്ദേശിച്ചാണ് ഭീകരർ പദ്ധതി തയ്യാറാക്കിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം പരിശോധന കർശനമാക്കിയിരുന്നു. പരിംപോറ നാക്കയിൽ പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിലെത്തിയ വാഹനത്തിലുള്ളവരുടെ ഐ ഡി ചോദിച്ചപ്പോൾ പിൻസീറ്റിൽ ഇരുന്നയാൾ ബാഗ് തുറക്കാൻ ശ്രമിക്കുകയും ഗ്രനേഡ് പുറത്തെടുക്കുകയും ചെയ്തു. ഞൊടിയിടെ സുരക്ഷാ സേന പിൻസീറ്റിൽ ഇരുന്ന ആളെ പിടികൂടുകയായിരുന്നു. പിന്നീടാണ് അറസ്റ്റിലായ ആൾ ലഷ്‌കർ ഇ തയ്ബ കമാൻഡർ നദീം അബ്രാർ ആണെന്ന് മനസിലായത്.