covid-test

തിരുവനന്തപുരം : രാജ്യത്ത് രണ്ടാം കൊവിഡ് തരംഗത്തിന്റെ അലയൊലികൾ മറ്റ് സംസ്ഥാനങ്ങളിൽ അവസാനിക്കുമ്പോഴും കേരളത്തിൽ രോഗവ്യാപനം കാര്യമായി കുറയുന്നില്ല. ഒന്നര മാസത്തോളം സംസ്ഥാനമൊട്ടാകെ അടച്ചിട്ടാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ചിൽ താഴെ എത്തിക്കാനായത്. ടി പി ആർ പത്തിന് അടുത്ത് എത്തിയതോടെയാണ് ഇളവുകൾ നൽകി തുടങ്ങിയത്. എന്നാൽ ഇത് ഭാരമാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ കൂടുതൽ ഇളവ് നൽകണമോയെന്ന് തീരുമാനമെടുക്കും.

സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങൾ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളാണ് സർക്കാർ സ്വീകരിച്ചത്. ടി പി ആറിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഓരോ ആഴ്ചയും വിലയിരുത്തലുകളും നടത്തിയിരുന്നു. എന്നാൽ ടി പി ആർ 15ൽ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ കർശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇക്കാര്യത്തിൽ ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടാവും.

കഴിഞ്ഞ ദിവസം ടി പി ആർ 9.63 ആയി കുറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനത്ത് ഇപ്പോഴും മരണ നിരക്ക് കൂടുതലാണ്. നൂറിന് മുകളിൽ മരണസംഖ്യ ഉയരുന്നതാണ് ആശങ്ക ഉയർത്തുന്നത്. മൂന്നാം തരംഗം വരും എന്ന് വിദഗ്ദ്ധരടക്കം ഉറപ്പിക്കുമ്പോൾ രണ്ട് തരംഗങ്ങൾക്കിടയിലുള്ള കാലയളവ് വർദ്ധിപ്പിക്കുക എന്നത് സർക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്. കടുത്ത നിയന്ത്രണങ്ങളാൽ മാത്രമേ ഇതു സാധിക്കുകയുള്ളു.

പൊതു ഗതാഗതമടക്കം ആരംഭിച്ചതോടെ നിരത്തുകളിൽ വീണ്ടും തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. നഗര പ്രദേശങ്ങളിൽ ഗതാഗത കുരുക്കും മുൻപത്തേ പോലെ കണ്ടുതുടങ്ങിയതും ഇതിന്റെ ലക്ഷണമാണ്.

ഇന്ന് നടക്കുന്ന അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സാദ്ധ്യത. ടി പി ആർ എത്രയും വേഗം അഞ്ച് ശതമാനത്തിൽ എത്തിക്കണം എന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ നടപടികൾ കടുപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ അഭിപ്രായം.