കൊച്ചി : ലക്ഷദ്വീപുമായി ബന്ധപ്പെട്ട് തനിക്കുള്ള അനുഭവങ്ങൾ പശ്ചാത്തലമാക്കി താൻ സിനിമയെടുക്കുമെന്ന് ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ വെളിപ്പെടുത്തൽ. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിൽ ഏർപ്പെടുത്തുന്ന വിവാദ നടപടികൾക്കെതിരെ മുന്നിൽ നിന്നു പോരാടുന്ന വ്യക്തിയാണ് ഐഷ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമയിലൂടെ ലക്ഷദ്വീപിലെ അവസ്ഥ പുറംലോകത്തെ അറിയിക്കുമെന്ന് ഐഷ വെളിപ്പെടുത്തിയത്.
അടുത്തിടെ ഒരു ചാനൽ സംവാദത്തിൽ പങ്കെടുക്കവേ നടത്തിയ പരാമർശങ്ങൾക്ക് ഐഷയ്‌ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം കേസെടുത്തിരുന്നു. ദ്വീപിൽ വിളിച്ചു വരുത്തി രണ്ട് പ്രാവശ്യം ചോദ്യം ചെയ്യലിന് വിധേയയാക്കിയ ശേഷമാണ് വിട്ടയച്ചത്. തന്നെ തീവ്രവാദിയാക്കാൻ ശ്രമിക്കുകയാണെന്നും, മറ്റു രാജ്യങ്ങളുമായി ബന്ധമുണ്ടെന്നും അവിടെനിന്നു പണം വരുന്നുണ്ടെന്നും സ്ഥാപിക്കാനുള്ള ശ്രമമാണ് ചോദ്യം ചെയ്യലിൽ പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും ഐഷ വെളിപ്പെടുത്തുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്ക് ചില ബിസിനസ് താത്പര്യമുണ്ടെന്നും ഐഷ പറയുന്നു. സ്വന്തം മകന്റെയും കുടുംബത്തിന്റെയും ബിസിനസ് താൽപര്യങ്ങൾക്കായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അഡ്മിനിസ്‌ട്രേറ്ററെ പ്രധാനമന്ത്രി ഇടപെട്ട് മാറ്റുമെന്നാണ് പ്രതീക്ഷയെന്നും ഐഷ പറഞ്ഞു.