
കൊച്ചി: ദുബായ് കേന്ദ്രീകരിച്ച് കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കള്ളക്കടത്ത് നടത്തുന്ന അർജുൻ ആയങ്കിയെ ഇന്ന് കസ്റ്റംസ് കോടതിയിൽ ഹാജരാക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ആണ് ഹാജരാക്കുക. സ്വർണക്കള്ളക്കടത്ത് സംഘത്തിലെ പ്രധാനി അർജുൻ ആയങ്കിയെ കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് അറസ്റ്റു ചെയ്തത്. വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം അർജുൻ ആയങ്കിയ്ക്ക് കൈമാറാൻ എത്തിച്ചതാണെന്ന് പിടിയിലായ മുഹമ്മദ് ഷഫീക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
അതേസമയം സി പി എം പുറത്താക്കിയ സജേഷിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകും. കൊച്ചിയിൽ കസ്റ്റംസിന് മുന്നിൽ ഹാജരായ അർജുനെ ഒമ്പതു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയത്.
കസ്റ്റംസ് നൽകിയ നോട്ടീസിനെ തുടർന്ന് ഇന്നലെ രാവിലെ 10.50നാണ് രണ്ട് അഭിഭാഷകർക്കൊപ്പം ഹൈക്കോടതി ജംഗ്ഷനിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മിഷണറേറ്റ് ഓഫീസിൽ അർജുൻ ഹാജരായത്. രാത്രി എട്ടിന് അറസ്റ്റു രേഖപ്പെടുത്തി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. പിവന്റീവ് വിഭാഗം കമ്മിഷണർ സുമിത് കുമാർ, ഡെപ്യൂട്ടി കമ്മിഷണർ വി. വിവേക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയാൽ എങ്ങനെ പെരുമാറണമെന്നും പുറത്തിറങ്ങിയാൽ സ്വർണം കൈമാറണമെന്നും അർജുനാണ് നിർദേശങ്ങൾ നൽകിയിരുന്നത്. സ്വർണം കൊണ്ടുവരാൻ നാല്പതിനായിരം രൂപയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തതും അർജുനാണ്.