ക്വിബ (ബ്രസീൽ): അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിക്ക് മറക്കാൻ സാധിക്കാത്ത ദിവസമായിരിക്കും ഇന്നലെ. അർജന്റീനിയൻ കുപ്പായത്തിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരം എന്ന റെക്കാഡ് സ്വന്തമാക്കിയ അതേ മത്സരത്തിൽ തന്നെ രണ്ട് ഗോളുകളുമായി ടീമിനെ കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിലേക്ക് എത്തിക്കുവാൻ മെസിക്കു സാധിച്ചു. അർജന്റീനക്കു വേണ്ടി 148 മത്സരങ്ങളിൽ മെസി ഇതുവരെ കളത്തിലിറങ്ങിയിട്ടുണ്ട്.
ഇന്നലെ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ബൊളീവിയയെ 4- 1 ന് തകർത്ത അർജന്റീന ക്വാർട്ടർ യോഗ്യത ഉറപ്പാക്കി. ഗ്രൂപ്പിൽ ഒന്നാമതെത്തിയ അർജന്റീന ക്വാട്ടറിൽ ഇനി ഇക്വഡോറിനെ നേരിടും.
മത്സരത്തിന്റെ ഒന്നാം പകുതിയിൽ തന്നെ അർജന്റീന 3-0 ന് മുന്നിലെത്തിയിരുന്നു. ആറാം മിനിട്ടിൽ മെസിയുടെ അസിസ്റ്റിൽ അലക്സാന്ദ്രോ ഗോമസിലൂടെ അർജന്റീന ആദ്യ ഗോൾ നേടി.തുടർന്ന് 33ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിയ മെസി 42ാം മിനിട്ടിൽ തന്റെ രണ്ടാം ഗോളും കണ്ടെത്തി. 65ാം മിനിട്ടിൽ ലൗട്ടാറോ മാർട്ടിനൻസ് അർജന്റീനയുടെ ഗോൾ വേട്ട പൂർത്തിയാക്കി. എർവിൻ സാവേദര ബൊളീവിയയുടെ ആശ്വാസ ഗോൾ 60ാം മിനിട്ടിൽ നേടി. ബൊളീവിയ നേരത്തെ തന്നെ ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു.
Messi is not of this world. 🐐 pic.twitter.com/82szoct9GW
— Nick 🇨🇦 (@Nick28T) June 29, 2021