annie-siva

​​തിരുവനന്തപുരം: ഭർത്താവിനാലും സ്വന്തം വീട്ടുകാരാലും ഉപേക്ഷിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസിൽ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പെൺകുട്ടി 14 വർഷങ്ങൾക്കിപ്പുറം സബ് ഇൻസ്‌പെക്‌ടറായി മാറിയത് അടങ്ങാത്ത പോരാളിയുടെ മനസുണ്ടായതുകൊണ്ട് മാത്രമാണ്. ആത്മബലത്തിന്‍റെയും ജീവിതവിജയത്തിന്‍റെയും മാതൃകയായ ആനിശിവ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു...

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലാകെ സ്റ്റാറാണല്ലോ?

ഞാൻ സ്റ്റാറായത് കൊണ്ടല്ല മാദ്ധ്യമങ്ങൾ എന്നെ സ്റ്റാറെന്ന് പറയുന്നത്. സമൂഹത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയൊക്കെ ആയതുകൊണ്ട് ഞാൻ സ്റ്റാറാക്കപ്പെട്ടതാണ്. എന്നെക്കാൾ കഷ്‌ടപ്പെടുന്നവർ സമൂഹത്തിൽ വേറെയുണ്ട്. പെട്ടെന്ന് ഒരുദിവസം പൊട്ടിമുളച്ച ഒരാളല്ല ഞാൻ. എനിക്ക് പ്രത്യേകിച്ച് വികാരമൊന്നുമില്ല. എല്ലാവരും വരുന്നു, ബഹളം വയ്‌ക്കുന്നു എന്നൊക്കെയുളളൂ.

annie-siva

പൊലീസുകാരിയാവണം എന്ന തീരുമാനമെടുത്തത് എപ്പോഴായിരുന്നു?

ഒന്നാം ക്ലാസ് മുതൽ എല്ലാവർഷവും സ്‌കൂൾ തുറക്കുമ്പോൾ ആദ്യ ദിവസം ടീച്ചർ ചോദിക്കുന്ന ചോദ്യമാണല്ലോ ആരാകണമെന്നാണ് ആഗ്രഹമെന്ന്. അന്നുതൊട്ടേ മനസിൽ പൊലീസെന്ന് മാത്രമേ ഉണ്ടായിരുന്നുളളൂ. വലിയ കിരൺ ബേദി ഫാനൊക്കെയായിരുന്നു.

കൊച്ചിയിലേക്ക് ട്രാൻസ്‌ഫർ വാങ്ങിയത് മകനുവേണ്ടിയാണ്. മകനെപ്പറ്റിയുളള സ്വപ്‌നങ്ങൾ എന്തൊക്കെയാണ്?

അവൻ ജീവിക്കുന്നത് അവന്‍റെ ജീവിതമാണ്. ഞാൻ അവനെ വളർ‌ത്തുന്നു, പഠിപ്പിക്കുന്നു. അവന്‍റെ ഇഷ്‌ടങ്ങളാണ് ബാക്കിയൊക്കെ. അതിനെല്ലാം അവന് സ്വാതന്ത്ര്യമുണ്ട്. ഞാനൊരു വഴികാട്ടിയാകുന്നുവെന്നേയുളളൂ. എന്താകണം, എങ്ങനെ ജീവിക്കണം എന്നൊക്കെയുളളത് അവന് തിരഞ്ഞെടുക്കാം. അതിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ ഞാൻ തിരുത്താൻ നോക്കും.

annie-siva

ഈ വാർത്തയൊക്കെ വന്നപ്പോൾ മകൻ സന്തോഷത്തിലാണോ? അവന്‍റെ പ്രതികരണമെന്താണ്?

ഫേസ്‌ബുക്കിൽ എന്നെപ്പറ്റി ആരെങ്കിലുമൊക്കെ എഴുതുന്ന പോസ്റ്റുകൾ ഞാൻ അവന് വായിച്ചുകൊടുക്കും. അത് കേൾക്കുമ്പോൾ എന്നെ കെട്ടിപിടിച്ച് അവൻ ഉമ്മവയ്‌ക്കും. ഇപ്പോൾ അവനെ ടി.വിയിൽ കാണിച്ചപ്പോൾ എന്നേം സിനിമയിലെടുത്തേയെന്ന് പറഞ്ഞ് അവൻ ഉമ്മയൊക്കെ തന്നു.

ദുരിതകാലത്ത് ഒറ്റപ്പെടുത്തിയ ഒരുപാട് പേരുണ്ട്. അവരൊക്കെ ഇപ്പോൾ തിരിച്ച് വിളിക്കുന്നുണ്ടോ?

പലരും വിളിച്ച് സംസാരിക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം നൽകുന്ന കാര്യങ്ങൾ അതൊക്കെയാണ്. അഗവണിച്ചവരൊക്കെ വിളിക്കുമ്പോഴും പല കാര്യങ്ങൾ പറയുമ്പോഴും അതെല്ലാം ഒരു മധുര പ്രതികാരമാണ്. നമ്മൾ കൈനീട്ടിയപ്പോഴും വീട്ടിലേക്ക് കയറി ചെന്നപ്പോഴും മുഖംതിരിച്ച് നിന്നവർ ഇപ്പോൾ സുഖാന്വേഷണം നടത്തി അഭിമാനമാണെന്ന് പറയുമ്പോൾ നമ്മൾ കൊടുക്കുന്ന ചിരിയാണ് അവർക്കുളള മറുപടി.

annie-siva

ഇപ്പോഴും അച്ഛൻ വിളിക്കുമെന്ന പ്രതീക്ഷയുണ്ടോ?

മാദ്ധ്യമങ്ങൾ എല്ലാം കൂടിയത് വേറൊരു ലെവലിൽ ആക്കിയിരിക്കുകയാണ്. അച്ഛൻ വിളിക്കണമെന്ന് നിർബന്ധമൊന്നുമില്ല. എന്‍റെ അച്ഛനാണ്, എനിക്കങ്ങോട്ട് കയറി ചെല്ലാവുന്നതല്ലേയുളളൂ. ഇപ്പോഴൊരു സീനുണ്ടാക്കാൻ ഞാനില്ല. ഇപ്പോൾ ഈ വാർത്തയൊക്കെ വന്ന സാഹചര്യത്തിൽ അച്ഛൻ വലിയ മാനസിക സമ്മർദത്തിലായിരിക്കും. ഞാൻ ചെയ്‌തത് തെറ്റാണ്. എന്‍റെ തെറ്റിന് അച്ഛനെ പഴിച്ചിട്ട് കാര്യമില്ല. നന്നായി തന്നെയാണ് അച്ഛൻ എന്നെ വളർത്തിയത്. കൈത്താങ്ങ് കിട്ടിയാൽ മാത്രമേ ജീവിക്കൂവെന്നുളള ചില പെൺപിള്ളേരുണ്ട്. അങ്ങനെയുളളവർക്ക് വീട്ടുകാരുടെ കൈത്താങ്ങ് വേണം. സ്വന്തം ഇഷ്‌ടത്തിന് ഇറങ്ങി പോയിട്ട് കൈകുഞ്ഞുമായി വന്ന ഒരാളാണ് ഞാൻ. ഇതൊന്നും മാതൃകയാക്കണമെന്ന് ഞാൻ ആരോടും പറയാറില്ല. ഞാൻ എന്നത്തേയും പോലെ രാവിലെ ഡ്യൂട്ടിക്ക് പോയി തിരിച്ച് വരുന്നു. ബാക്കിയൊക്കെ മാദ്ധ്യമങ്ങൾ ആഘോഷിക്കുന്നതാണ്.

ഇനി ആനിയുടെ ആഗ്രഹങ്ങൾ എന്തൊക്കെയാണ്?

എനിക്ക് അങ്ങനെ ഒരു സ്വപ്‌നവുമില്ല. ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ നൂറ് ശതമാനം സംതൃപ്‌തയാണ്. ഞാൻ സന്തോഷത്തോടെ തന്നെയാണ് ജീവിക്കുന്നത്. ആഗ്രഹങ്ങൾ നെയ്‌ത് കൂട്ടിയിട്ട് വലിയ കാര്യമൊന്നുമില്ല.

വിസ്‌മയയുടെ മരണത്തിനു ശേഷമുണ്ടായ സംഭവവികാസങ്ങൾ വലിയ ചർച്ചയാവുകയാണ് നമ്മുടെ സമൂഹത്തിൽ. എന്താണ് ആനിയുടെ പ്രതികരണം?

​​​​​നിനക്ക് നേരെ ഭർത്താവ് കൈനീട്ടിയാൽ നിനക്ക് തിരിച്ച് വന്ന് നിൽക്കാനുളള സ്ഥലം എന്‍റെ വീട്ടിലുണ്ടാകുമെന്ന് ഓരോ മാതാപിതാക്കളും അവരുടെ പെൺമക്കളെ പഠിപ്പിക്കണം. എല്ലാം നമ്മൾ സഹിക്കേണ്ട ആവശ്യമില്ല. ഒരു കുടുംബ ജീവിതമാകുമ്പോൾ പലതും നമ്മൾ അഡ്‌ജസ്റ്റ് ചെയ്‌ത് കൊണ്ടുപോകണം. എന്നാൽ അതിരുവിട്ടാൽ അത് അനുഭവിക്കാൻ നിൽക്കരുത്. അങ്ങനെ നിന്നതുകൊണ്ടാണ് ഇപ്പോൾ പലമരണങ്ങളും ഉണ്ടായതെന്നാണ് എനിക്ക് തോന്നുന്നത്. ആൺകുട്ടിയായാലും പെൺകുട്ടിയായാലും രക്ഷകർത്താക്കൾ കുട്ടികൾക്ക് ആദ്യമേ ധൈര്യം നൽകിയാൽ തീരാവുന്ന പ്രശ്‌നങ്ങളേയുളളൂ. പലരും ഭർത്താവിനോടൊപ്പം ജീവിക്കുമ്പോഴാകും അച്ഛന്‍റെയും അമ്മയുടേയും സ്‌നേഹവും വിലയും തിരിച്ചറിയുന്നത്. നാട്ടുകാരെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല, നമ്മുടെ ജീവിതം നമ്മളാണ് ജീവിക്കേണ്ടത്.

annie-siva

കേരള പൊലീസിൽ വനിതകൾ ന്യൂനപക്ഷമാണ്. ഒരു കംഫർട്ട് സോണിലാണ് നിൽക്കുന്നത് എന്ന തോന്നലുണ്ടോ?

ഒരു പുരുഷന്‍റെ കൂടെ യാത്ര ചെയ്‌തെന്ന് കരുതി എന്തെങ്കിലും പോകുമെന്ന തോന്നൽ എനിക്കില്ല. കംഫർട്ട് സോണൊക്കെ നമ്മളുണ്ടാക്കുന്നതാണ്. നമ്മൾ ഒറ്റയ്‌ക്കാണെന്ന് അറിയുമ്പോൾ തോണ്ടലും മിസ് കോളടിയും മെസേജ് അയപ്പുമൊക്കെ കൂടും. അതൊക്കെ നമ്മൾ ആദ്യമേ നിയന്ത്രിക്കണം. പൊലീസിൽ വരുന്നതിന് മുമ്പ് താമസിക്കുന്ന വീടുകളിൽ നിന്ന് ശല്യം കാരണം പലതവണ മാറേണ്ട സ്ഥിതി വന്നിട്ടുണ്ട്. റിയാ‌ക്‌ട് ചെയ്‌താൽ ആരും കൂടെനിൽക്കില്ല. എന്നാൽ ഇന്ന് നമ്മളോടൊപ്പം ഒരു ഡിപ്പാർട്ട്മെന്‍റ് തന്നെ കൂടെയുണ്ട്.

ഇപ്പോൾ ഈ വാർത്തയൊക്കെ വന്നശേഷം ആരൊക്കെയാണ് വിളിച്ച് അഭിനന്ദിച്ചത്?

എം പി സുരേഷ് ഗോപി സാർ വിളിച്ചിരുന്നു. ഉണ്ണി മുകുന്ദൻ, അരുൺ ഗോപി, മേജർ രവി എന്നിവരൊക്കെ വിളിച്ചു. ശൈലജ ടീച്ചറും വീണ ജോർജ് മാഡവുമൊക്കെ വിളിച്ചു. ഏകദേശം വനിത എം.എൽ.എമാരൊക്കെ വിളിച്ചിട്ടുണ്ട്. ഫേസ്‌ബുക്കിൽ മോഹൻലാൽ സാർ അടക്കം പോസ്റ്റിട്ടു. ആ സപ്പോർട്ടൊക്കെ വളരെ വലുതാണ്. സത്യത്തിൽ സപ്പോർട്ട് എനിക്കല്ല വേണ്ടത്. ഇതുപോലെ ഉയർന്നുവരാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അവർക്ക് വേണ്ടിയാണ് കൈനീട്ടേണ്ടത്. കഷ്‌ടപ്പാട് കൊണ്ടോ ഭാഗ്യം കൊണ്ടോ ഞാൻ ഇപ്പോൾ സുരക്ഷിതയാണ്.