airforce

ന്യൂഡൽഹി: ജമ്മു വിമാനത്താവള ആക്രമണം നടന്ന് തുടർച്ചയായ മൂന്നാം ദിവസവും പ്രദേശത്ത് ഡ്രോണുകൾ കണ്ടെത്തിയതായി റിപ്പോ‌ർട്ട്. ഇന്നലെ ജമ്മുവിലെ ഒരു സൈനിക കേന്ദ്രം ഡ്രോൺ വച്ച് തകർക്കാനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും സൈനികർ ആ പദ്ധതി വിഫലമാക്കിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഇന്ന് സഞ്ചുവാൻ സൈനിക ക്യാമ്പിനു സമീപത്ത് ഉൾപ്പെടെ മൂന്നിടത്തായി ഡ്രോണുകൾ കാണപ്പെട്ടത്.

വെളുപ്പിന് 2.30ന് കുഞ്ചുവാനി, സഞ്ചുവാൻ, കലുചാക്ക് എന്നിവിടങ്ങളിലാണ് ഡ്രോണുകൾ കണ്ടെത്തിയത്. എന്നാൽ ഇവ എവിടെ നിന്ന് വന്നുവെന്നോ എങ്ങോട്ട് പോയെന്നോ കണ്ടെത്തുവാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല.

ഔദ്യോഗികമായി ഒരു ഡ്രോൺ മാത്രമാണ് ഇതുവരെയായും കണ്ടെത്തിയത് എന്ന് സൈനിക കേന്ദ്രങ്ങൾ ആവർത്തിച്ചു പറയുമ്പോഴും മൂന്നെണ്ണം കണ്ടെത്തിയതായി അനൗദ്യോഗികമായി അവർ സ്ഥിരീകരിക്കുന്നുണ്ട്. സത്വാരിയിലുള്ള വ്യോമസേന ആസ്ഥാനത്തിന് അഞ്ച് മീറ്റർ ചുറ്റളവിനുള്ളിലുള്ള പ്രദേശങ്ങളിലാണ് ഡ്രോണുകൾ കണ്ടെത്തിയത്. സത്വാരി വ്യോമത്താവള ആസ്ഥാനം ലക്ഷ്യമിട്ട് തന്നെയാണ് ഈ ഡ്രോണുകൾ വന്നതെന്ന് അധികൃതർ കരുതുന്നു.

അതേസമയം ജമ്മു വിമാനത്താവള ആക്രമണ അന്വേഷണം കേന്ദ്ര ആഭ്യന്തരവകുപ്പ് എൻ ഐ എക്ക് കൈമാറി. അതിർത്തി കടന്നുള്ള തീവ്രവാദപ്രവർത്തനങ്ങൾക്ക് സംഭവവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എൻ എസ് ജിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം വിമാനത്താവളത്തിൽ നടന്ന സ്ഫോടനത്തിന്റെ സാങ്കേതിക വശം വിശദമായി പരിശോധിച്ചു. ആർ ഡി എക്സോ ടി എൻടിയോ പോലുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാകാം സ്ഫോടനം നടത്തിയിട്ടുള്ളത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

രാജ്യത്തിന്റെ അതിർത്തിക്കു പുറത്തു നിന്നുമാണ് ഡ്രോണുകൾ നിയന്ത്രിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദികൾക്ക് രാജ്യത്തിന് ഉള്ളിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.