കണ്ണൂർ: ധർമ്മടത്ത് പതിനഞ്ചുകാരിയെ ബന്ധുക്കൾ വ്യവസായിയ്ക്ക് നൽകിയതായി പരാതി. കേസിൽ പെൺകുട്ടിയുടെ മാതൃസഹോദരീ ഭർത്താവും, വ്യവസായിയായ ഷറാറ ഷറഫുദ്ദീനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തനിക്ക് പല്ല് വേദനയാണെന്നും, ഡോക്ടറുടെയടുത്ത് പോകാൻ കൂട്ടിന് വരണമെന്നും പറഞ്ഞ് ഇളയമ്മ പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഇവരുടെ ഭർത്താവും കൂടെയുണ്ടായിരുന്നു.തുടർന്ന് ഷറഫുദ്ദീന്റെ തലശ്ശേരിയിലെ വീടിന് മുന്നിലെത്തിച്ചു. പെൺകുട്ടിയെ കണ്ട് ഇഷ്ടമായ വ്യവസായി ദമ്പതികൾക്ക് വീടും പണവും വാഗ്ദ്ധാനം ചെയ്യുകയും, പത്ത് ദിവസത്തേക്ക് വിട്ടുതരണമെന്ന് പറയുകയും ചെയ്തു.
വ്യവസായിയുടെ വാഗ്ദ്ധാനത്തിൽ മയങ്ങിയ ദമ്പതികൾ പെൺകുട്ടിയെ ഇയാൾക്ക് നൽകി. ഷറഫുദ്ദീൻ കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ട് വീട്ടിലേക്ക് പോയ പെൺകുട്ടി ആരോടും ഈ വിവരം പറഞ്ഞിരുന്നില്ല.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധു കൗൺസിലിംഗിന് കൊണ്ടുപോയപ്പോഴാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. ഇളയച്ഛനും തന്നെ പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചതായി പതിനഞ്ചുകാരി വെളിപ്പെടുത്തി. പ്രതികൾക്കെതിരെ ലൈംഗിക പീഡന ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇളയമ്മ ഒളിവിലാണ്.