file-

ചേർത്തല: വ്യവസായം തുടങ്ങാൻ കെട്ടിടാനുമതിക്കായി സമീപിച്ച പ്രവാസിയെ മാരാരിക്കുളം വടക്ക് പഞ്ചായത്ത് അധികൃതർ വട്ടംചുറ്റിച്ചെന്നു പരാതി. 21 തവണ ഓഫീസിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടാവാതെ വന്നപ്പോൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ 4 മണിക്കൂർ കുത്തിയിരുന്നതോടെ പഞ്ചായത്ത് കമ്മിറ്റി ഇടപെട്ട് അനുമതി നൽകി.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് പടിക്കൽപറമ്പിൽ പി.ആർ. മുരുകനാണ് ഗതികേടിനൊടുവിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. ഏപ്രിൽ 28നാണ് അപേക്ഷ സമർപ്പിച്ചത്. 27 വർഷമായി സൗദിയിൽ ജോലി ചെയ്ത മുരുകൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത്. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് മുരുകന്റെ തന്നെ കെട്ടിട സമുച്ചയത്തിന് സമീപത്തായി ഗോഡൗൺ നിർമ്മിക്കാനാണ് പഞ്ചായത്തിൽ അപേക്ഷ നൽകിയത്.

ഇതിനിടെ 2020ൽ നിർമ്മാണത്തിനായി അപേക്ഷ സമർപ്പിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു. അനുമതി പത്രം കൈപ്പറ്റിയിരുന്നുമില്ല. പുതിയ അപേക്ഷ സമർപ്പിച്ച് ഒരു മാസത്തിന് ശേഷം അന്വേഷിക്കാൻ ചെന്നപ്പോഴാണ് പഴയ അനുമതിപത്രം തിരികെ നൽകിയാൽ മാത്രമേ പുതിയത് നൽകാനാവുകയുള്ളൂ എന്നറിയിച്ചത്. കൈപ്പറ്റാത്ത പഴയ പെർമിറ്റ് തിരികെ നൽകാൻ ഇല്ലാത്തതിനാൽ പകർപ്പിനായി അപേക്ഷ സമർപ്പിച്ചു. ഇതിനിടെ ഉദ്യോഗസ്ഥൻ പഴയ പെർമിറ്റ് റദ്ദാക്കാനായി ഒരു അപേക്ഷ ആവശ്യപ്പെട്ടു വാങ്ങുകയും ചെയ്തു.

തുടർന്ന് അന്വേഷിക്കാൻ എത്തിയപ്പോൾ സെക്രട്ടറിയുടെ ചാർജ്ജുള്ള അസിസ്റ്റന്റ് സെക്രട്ടറി, പഴയ പെർമിറ്റ് മുരുകൻ കൈപ്പറ്റിയെന്നും നഷ്ടപ്പെട്ടതാണെന്നും 200 രൂപ മുദ്രപ്പത്രത്തിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു. അഞ്ഞൂറ് രൂപയുടെ മുദ്രപ്പത്രത്തിൽ, ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട പ്രകാരം എഴുതി നൽകിയതോടെ രണ്ട് ദിവസത്തിനുള്ളിൽ പെർമിറ്റ് നൽകാമെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചെന്നപ്പോഴാണ് ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. അതും നൽകിയപ്പോൾ പഴയ പെർമിറ്റിന് 86 ചതുരശ്ര അടി വ്യത്യാസം ഉണ്ടെന്നും അധികമുള്ള അളവിന് നികുതി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. അതും പരിഹരിച്ചു. എന്നിട്ടും ഫലമുണ്ടാവാതിരുന്നപ്പോഴാണ് മുരുകൻ കുത്തിയിരിപ്പിലേക്ക് തിരിഞ്ഞത്.

ഫയൽ നീക്കം തടസപ്പെടരുതെന്നും പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ചെറുതും വലുതുമായ വ്യവസായങ്ങൾക്ക് അനുമതി ലഭിക്കാൻ കാലതാമസം ഉണ്ടാകരുതെന്നുമുള്ള സർക്കാർ നിർദ്ദേശമാണ് പഞ്ചായത്ത് അധികൃതർ കാറ്റിൽ പറത്തിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതിയും നൽകി
മുരുകൻ

കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ചുള്ള ഫയർ ആൻഡ് സേ്ര്രഫിയുടെ അനുമതി ലഭിക്കാതിരുന്നതാണ് നടപടി വൈകാൻ കാരണമായത്. മറ്റുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണ്

സുദർശനാഭായി,
പഞ്ചായത്ത് പ്രസിഡന്റ്‌