തൃശൂര്‍: കണ്ണൂര്‍ ശാന്തമായപ്പോള്‍ പാര്‍ട്ടി ക്രിമിനല്‍ സംഘങ്ങള്‍ മറ്റ് കുറ്റകൃത്യങ്ങള്‍ തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് ക്രിമിനല്‍ സംഘങ്ങളെ ഓരോദിവസവും ന്യായീകരിക്കേണ്ട സ്ഥിതി വന്നിരിക്കുകയാണ്. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കും പങ്കുണ്ട്. അവരുടെ പങ്കും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്തുകാരുടെയും സ്ത്രീപീഡകരുടെയും സംരക്ഷകരായി സി പി എം മാറി. സൈബറിടങ്ങളില്‍ സി പി എം ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് പല ക്രിമിനല്‍ കേസുകളിലെയും പ്രതികള്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഒരു പരിധി വിട്ടുകഴിഞ്ഞാല്‍ ഇത്തരം കേസുകളിൽ അന്വേഷണം മരവിപ്പിക്കുന്ന സമീപനമാണ് സി പി എം സ്വീകരിച്ച് വരുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളെ പാര്‍ട്ടി പരസ്യമായി ന്യായീകരിക്കുകയാണ്. ഇത്തരം കൊലപാതകങ്ങളില്‍പ്പെട്ടവരെ പാര്‍ട്ടി സംരക്ഷിക്കും എന്നതിന്‍റെ സന്ദേശമാണിത്. കൊടകര കുഴല്‍പ്പണക്കേസ് മൂന്നുമാസമായിട്ടും എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
രാഷ്ട്രീയ കൊലപാതകം നടത്തുന്നവര്‍ക്കും സ്വര്‍ണക്കടത്തും സ്ത്രീപീഡനവും നടത്തുന്നവര്‍ക്കും സംരക്ഷണവും പ്രോത്സാഹനവുമാണ് സി പി എം നല്‍കി വരുന്നത്. കാസര്‍കോട് ജില്ലാ ആശുപത്രിയിലേക്ക് 450 അപേക്ഷകരുണ്ടായിട്ടും, 100 പേരെ അഭിമുഖത്തിന് വിളിച്ചിട്ട്, പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്കും രണ്ടാം പ്രതിയുടെ ഭാര്യയ്ക്ക് രണ്ടാം റാങ്കും മൂന്നാം പ്രതിയുടെ ഭാര്യയ്ക്ക് മൂന്നാം റാങ്കും നല്‍കി നിയമനത്തെ മുഴുവന്‍ സി പി എം അട്ടിമറിച്ചെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.