covid-vaccine

മുംബയ്: ഇരുപത്തിയെട്ടുകാരിയ്ക്ക് മിനിട്ടുകൾക്കുള്ളിൽ മൂന്ന് ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോപണം. ആനന്ദ് നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. യുവതി ഭർത്താവിനോട് ഇക്കാര്യം പറഞ്ഞതോടെയാണ് ഗുരുതര ആനാസ്ഥയെക്കുറിച്ച് പുറംലോകമറിഞ്ഞത്.

താനെ മുനിസിപ്പൽ കോർപ്പറേഷനിലെ (ടിഎംസി) ജീവനക്കാരനാണ് യുവതിയുടെ ഭർത്താവ്. ഇദ്ദേഹം പൗരസമിതിയിൽ ഇക്കാര്യം അറിയിക്കുകയായിരുന്നു. പൗരസമിതി ഇവർക്ക് എല്ലാവിധ പിന്തുണയും വാഗ്ദ്ധാനം ചെയ്തു.


ആദ്യമായി കുത്തിവയ്‌പെടുക്കാൻ പോയതിനാൽ വാക്‌സിനേഷൻ പ്രക്രിയയുമായി തന്റെ ഭാര്യയ്ക്ക് പരിചയമില്ലെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. 'മൂന്ന് ഡോസ് വാക്‌സിൻ കുത്തിവയ്‌പെടുത്ത ദിവസം അവൾക്ക് പനി ഉണ്ടായിരുന്നു. പക്ഷേ പിറ്റേന്ന് രാവിലെ ഭേദമായി. അവൾ ഇപ്പോൾ സുഖമായിരിക്കുന്നു.'- ഭർത്താവ് പറഞ്ഞു.


യുവതിയുടെ വീട്ടിൽ ഡോക്ടർമാരുടെ ഒരു സംഘം പോയിരുന്നെന്നും, അവരിപ്പോൾ പൂർണ ആരോഗ്യവതിയാണെന്നും ടിഎംസി മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. ഖുഷ്ബു തവേര പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തന്റെ ഭർത്താവ് പ്രാദേശിക പൗരസമിതിയിൽ ജോലി ചെയ്യുന്നതിനാൽ പരാതി നൽകാൻ താൽപ്പര്യപ്പെടുന്നില്ലെന്ന് പറഞ്ഞു.