ബംഗളൂരു: രാജ്യത്ത് കൊവിഡ് രോഗം ഭേദമായ ശേഷം മുതിർന്നരിൽ കാണുന്ന തലച്ചോറിലെ രോഗങ്ങൾ ഇതാദ്യമായി കുട്ടികളിലും കണ്ടെത്തി. കർണാടകയിലാണ് സംഭവം. കൊവിഡ് രോഗം ഭേദമായ 13കാരന്റെ തലച്ചോറിലാണ് അക്യൂട്ട് നെക്രോടൈസിംഗ് എൻസെഫലോപതി എന്ന രോഗാവസ്ഥയുണ്ടായിരിക്കുന്നത്. ദേവനഗരെയിലെ എസ് എസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മെഡിക്കൽ ഡയറക്‌ടർ ഡോ.എൻ.കെ കലപ്പനവറാണ് ഈ വിവരം പുറത്തുവിട്ടത്.
ദേവനഗരെയിലെ ഹൂവിനഹദഗളളി ഗ്രാമവാസിയാണ് കുട്ടി. സാധാരണ രോഗം ഭേദമായ കുട്ടികളിൽ കാണുന്ന മൾട്ടിസിസ്‌റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം ആണ് എന്നാൽ ആദ്യമായണ് ഒരു കുട്ടിക്ക് തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗം കണ്ടെത്തുന്നത്.
കുട്ടിയുടെ ശരീരത്തിൽ ആന്റിജന്റെ അളവ് വളരെ കൂടുതലാണ്. ഇത് കടുത്ത അണുബാധ കുട്ടിക്കുണ്ടെന്നതിന്റെ സൂചനയാണ്. കൃത്യസമയത്ത് കണ്ടെത്തിയതിനാൽ കുട്ടി ഇപ്പോൾ രോഗം ഭേദമാകുന്ന അവസ്ഥയിലാണ്. അതല്ലാത്ത പക്ഷം ജീവൻ അപകടത്തിലാകുമെന്ന് ഡോക്‌ടർമാർ പറയുന്നു.
ഇത്തരം രോഗചികിത്സയ്‌ക്ക് ചിലവ് വളരെ കൂടുതലാണ്. ഒരു ഇഞ്ചക്ഷന് 75,000 മുതൽ ഒരു ലക്ഷം രൂപ വരെ ചിലവ് വരും. തിങ്കളാഴ്‌ച കർണാടകയിൽ 2576 പുതിയ കേസുകളും 93 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. എന്നാൽ സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 1.92 ആണ്.