എന്നും എപ്പോഴും വിസ്മയിപ്പിക്കുന്ന സാനിയ അയ്യപ്പന്റെ വിശേഷങ്ങൾ
THE STYLISH QUEEN
ബാല്യകാലസഖിയിൽ അഭിനയിക്കുമ്പോൾ സാനിയ അയ്യപ്പന് ബാല്യം. ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നസമയത്താണ് വീട്ടുകാരുടെ സനുവിനെ നമ്മൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. പതിനഞ്ച് വയസിൽ 'ക്വീൻ" സിനിമയിൽ നായികമുഖം.അതിനുശേഷം സോഷ്യൽ മീഡിയ സാനിയയെ വിടാതെ 'ഫോളോ" ചെയ്യാൻ തുട ങ്ങി.പിന്നെ ഒന്നിനുപിറകെ ഒന്നായി സൈബർ ആക്രമണം . അപ്പോൾ സൈബർ ആങ്ങളമാർക്കു മുന്നിൽ തോൽക്കാതെ നിൽക്കുന്ന സാനിയയെ കണ്ടു. ചെറു പ്രായത്തിൽ ബോൾഡാകാൻ എങ്ങനെ കഴിയുന്നുവെന്ന് ചോദിച്ചവർക്ക് നിറഞ്ഞ ചിരി മറുപടി. ഒരു അടിപൊളി പെൺകുട്ടി എന്നു ഫോളോവേഴ്സ്. സാനിയയെ നോട്ടമിട്ടു സ്റ്റൈൽ ഫോളോവേഴ്സും. പുതിയ ഫാഷൻ ട്രെന്റ് അറിയാൻ അവർ സാനിയായുടെ വാർഡ്രോബ് തുറക്കുന്നു. അഭിനയവഴിയിൽ മമ്മൂട്ടി, മോഹൻലാൽ സിനിമകൾ വേഗം എഴുതി ചേർത്തതാണ് പിന്നത്തെ കാഴ്ച. ലോക് ഡൗണിൽ സമൂഹമാദ്ധ്യമത്തിൽ നിറ സാന്നിദ്ധ്യം . അവിടെ സാനിയായയുടെ പുതിയ വിശേഷങ്ങൾ, സന്തോഷങ്ങൾ.
മൂന്നുവർഷം മുൻപ് 'ക്വീൻ" സിനിമയിൽ നിന്നാരംഭിച്ച ടീനേജ് അഭിനയ യാത്ര സാവധാനമാണല്ലേ ?
എനിക്ക് പത്തൊൻപത് വയസ് എത്തിയതേയുള്ളൂ. സിനിമയിൽ ഞാൻ എന്റെ ഭാവി കാണുന്നു. എന്നും സിനിമയിൽ നിൽക്കാനാണ് ആഗ്രഹം. ആ ലക്ഷ്യത്തോടെയാണ് വന്നത്. എനിക്ക് ലേഡി സൂപ്പർസ്റ്റാറാകണം. ഒപ്പം നല്ല നടിയായി അറിയപ്പെടുകയും വേണം. ഇതുവരെ ചെയ്ത സിനിമകൾ, തീരുമാനങ്ങൾ എല്ലാം ശരിയാണെന്നും സുരക്ഷിതമായാണ് മുന്നോട്ടു പോവുന്നതെന്നും കരുതുന്നു.വലിയ സിനിമകളുടെ ഭാഗമാകാൻ കഴിയുന്നു. വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കുന്നു. എല്ലാം ഭാഗ്യമായാണ് കാണുന്നത്. ഒരു പക്ഷേ സാവധാനമാണെങ്കിലും ഈ യാത്ര ഏറെ ആസ്വദിക്കുന്നു. വളരെ ശ്രദ്ധിച്ചാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്. കരിയറിൽ മാത്രം ശ്രദ്ധിച്ചാണ് പോവുന്നത്.
ഒ.ടി. ടി റിലീസായി എത്തിയ 'കൃഷ്ണൻകുട്ടി പണി തുടങ്ങി " സിനിമയിൽ അവതരിപ്പിച്ച ബിയാട്രിസ് എന്ന കഥാപാത്രം കരിയറിൽ എന്തുമാറ്റമാണ് വരുത്തിയത്?
ഇതേവരെ ചെയ്ത കഥാപാത്രങ്ങളിൽനിന്ന് ഒരുപാട് വ്യത്യസ്തയാണ് ബിയാട്രിസ്.കഥ കേൾക്കുമ്പോൾ തന്നെ തോന്നി ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് . മുൻപ് ചെയ്ത സിനിമയിലെ പോലെയല്ലെന്നും വേറിട്ട ആളാണെന്നും അഭിനയം ഇഷ്ടപ്പെട്ടെന്നും കേൾക്കുമ്പോൾ ഏറെ സന്തോഷം. ആദ്യമായി ഫൈറ്റ് ചെയ്തു. ഷൂട്ടിനിടെ പരിക്കേറ്റെങ്കിലും ആസ്വദിച്ചാണ് ഫൈറ്റ് സീൻ അഭിനയിച്ചത്. ഏറെ കഠിനാദ്ധ്വാനം വേണ്ടിവന്നു.ലോക് ഡൗൺസമയത്താണ് കഥ കേൾക്കുന്നതും ഷൂട്ട് നടക്കുന്നതും. മുപ്പത് ദിവസം തുടർച്ചയായ ഷൂട്ട്. ആരും കൊവിഡ് പോസിറ്റീവായില്ല.ഒ.ടി.ടി റിലീസായതിനാൽ അധികം ആളുകളിൽ എത്താതെ പോയതിൽ വിഷമമുണ്ട്. സിനിമ കണ്ടു ഇപ്പോഴും മെസേജ് അയയ്ക്കുന്നവരുണ്ട്. നല്ല സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.വളരെ കുറച്ചു താരങ്ങൾ. എല്ലാവരുടെയും സഹകരണം ലഭിച്ചു. കഥാപാത്രം കരിയറിൽ വരുത്തിയ മാറ്റം എന്താണെന്ന് അറിയില്ല.ഒരുപക്ഷേ ബിയാട്രിസിന് ഒപ്പമോ അതിനു മുകളിലോ നിൽക്കുന്ന കഥാപാത്രം ധൈര്യപൂർവം തരാൻ സംവിധായകർക്ക് ഇനി തോന്നിയേക്കാം.
മമ്മൂട്ടിയോടൊപ്പം ദ് പ്രീസ്റ്റ് , ദുൽഖറിനൊപ്പം സല്യൂട്ട്. ആരാണ് കൂടുതൽ വിസ്മയിപ്പിച്ചത്?
വലിയ താരങ്ങളാണ് മമ്മുക്കയും ദുൽഖറും. മെഗാസ്റ്റാർ മമ്മുക്കയോടൊപ്പം സ്ക്രീനിൽ വരാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. മമ്മുക്കയുടെ ബാല്യകാലസഖി ആണ് ആദ്യസിനിമ. അതിൽ കോമ്പിനേഷൻ സീനില്ലായിരുന്നു.പ്രീസ്റ്റിൽ മമ്മുക്കയോടൊപ്പമാണ് എന്റെ എല്ലാ സീനും. മമ്മുക്ക കഥാപാത്രമായി മാറുന്നതു കണ്ടു. കുറെ കാര്യങ്ങൾ നോക്കി പഠിച്ചു. ആദ്യം ടെൻഷനുണ്ടായിരുന്നു. മമ്മുക്ക വേഗം കംഫർട്ടാക്കി മാറ്റി. സല്യൂട്ടിൽ അഭിനയിക്കാൻ ഡിക്യു ആണ് വിളിച്ചത്. ഡിക്യു വളരെ ചിൽഡാണ്. മഹാനായ ഒരു നടന്റെ മകനെന്ന ജാഡയില്ല. വിസ്മയിപ്പിക്കുന്ന നടനും നിർമ്മാതാവും. ലൊക്കേഷനിൽ എല്ലാവരുമായും അടിത്തിടപെഴകുന്ന ആള്. നല്ല വ്യക്തിത്വത്തിനുടമ. അഭിനയിക്കുന്നതിന് മുൻപ് സംശയങ്ങൾ ചോദിക്കാം. ഭാവിയിൽ ഡിക്യുവിന്റെ നായികയായി അഭിനയിക്കണം എന്നത് സ്വപ്നമാണ്. അതിനുമുൻപ് ഒരു സിനിമയിൽ അഭിനയിക്കുക, ഡിക്യുവിനെ പരിചയപ്പെടുക, റോഷൻ ആൻഡ്രൂസ് സാറിന്റെ ചിത്രത്തിന്റെ ഭാഗമാവുക എല്ലാം സാധിച്ചു. സല്യൂട്ടിൽ നല്ല ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പ്രീസ്റ്റിന്റെയും സല്യൂട്ടിന്റെയും ലൊക്കേഷൻ തന്നത് നല്ല ഒാർമകൾ.
ലൂസിഫറിൽ മഞ്ജുവാര്യർക്കൊപ്പം അഭിനയിച്ചപ്പോൾ എന്ത് അറിവാണ് ലഭിച്ചത്?
ഞാൻ കണ്ടതിൽ ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിനുടമയാണ് മഞ്ജുചേച്ചി. നിഷ്കളങ്കമായ പെരുമാറ്റം. മഞ്ജു ചേച്ചിക്കൊപ്പം ആദ്യ സിനിമയിൽ തന്നെ അമ്മയും മകളുമായി അഭിനയിക്കാൻ കഴിഞ്ഞു.സീൻ ശരിയായോ എന്നു ചേച്ചിയോട് ചോദിക്കും. നന്നായിട്ടുണ്ട് മോളേ എന്നാണ് മറുപടി. എത്ര വേഗമാണ് ചേച്ചി കഥാപാത്രമായി മാറുന്നത്. അതു എനിക്ക് പുതിയ കാഴ്ചയാണ്. മഞ്ജു ചേച്ചിക്കു കരയാൻ ഗ്ളിസറിന്റെ ആവശ്യമില്ല.ഒരുപാട് സിനിമയിൽ ഒപ്പം അഭിനയിക്കാൻ തോന്നുന്നു. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജുചേച്ചി.ലൂസിഫറിൽനിന്നാരംഭിച്ച മഞ്ജു ചേച്ചിയുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നു. അത് എനിക്ക് ലഭിച്ച അനുഗ്രഹമായി കരുതാനാണ് താത്പര്യം.
മാലദ്വീപിൽ പത്തൊൻപതാം പിറന്നാൾ ആഘോഷിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണോ ?
എന്റെ പ്രിയ ഡെസ്റ്റിനേഷനാണ് മാലദ്വീപ്.പതിനെട്ടാം പിറന്നാൾ അവിടെ ആഘോഷിക്കാൻ ആഗ്രഹിച്ചു. ലോക് ഡൗൺ നിയന്ത്രണം കൂടുതൽ കടുത്തതിനാൽ അന്ന് നടന്നില്ല.എന്നാൽ മൂന്നുമാസം മുൻപ് പത്തൊൻപതാം പിറന്നാൾ ആഘോഷിച്ച് ആഗ്രഹം സഫലീകരിച്ചു. ഇതുവരെ ആഘോഷിച്ചതിൽ ഏറ്റവും അടിപൊളി പിറന്നാൾ. ആരുടെയും മനംകവരുന്ന പ്രകൃതി ഭംഗിയാണ് മാലദ്വീപിന്. വേറൊരു ലോകത്ത് എത്തുന്ന പ്രതീതി. ഡബ്യു മാൽദീവ്സ് എന്ന റിസോർട്ടിലാണ് താമസിച്ചത്. വെളുത്ത മണൽനിറച്ച ബീച്ച്. മയിൽപ്പച്ച നിറമുള്ള വെള്ളം നിറഞ്ഞ ലഗൂണുകളും മനോഹരമായ പവിഴപ്പുറ്റുകളും റിസോർട്ടിനെ മനോഹരമാക്കുന്നു.സ്കൂബാ ഡൈവിംഗ്, സ് നോർക്കെലിങ് എന്നിവയുടെ സാഹസികത ആസ്വദിച്ചു. രുചികരമാണ് മാലിയൻ ഭക്ഷണം. റഷ്യ, മെക്സികോ, ടുളു എന്നീ രാജ്യങ്ങളിലെ മൂന്ന് സുഹൃത്തുക്കളെ അവിടെനിന്ന് ലഭിച്ചു.റിസോർട്ടിന്റെ മാനേജർ എന്റെ സുഹൃത്തും മലയാളിയുമാണ്.അവിടത്തെ ആളുകളെ പരിചയപ്പെട്ടത് നല്ല ഒാർമ്മയാണ്. വീട്ടുകാരുടെയും ഫ്രണ്ട്സിന്റെയും ആശംസകൾ വന്നു. അവിടെനിന്നു ലഭിച്ച സുഹൃത്തുക്കളും തന്നു സമ്മാനങ്ങൾ . നാലു ദിവസം പോയത് അറിഞ്ഞില്ല. ആകാശനീലയാണ് ഇഷ്ട നിറം. എന്റെ ശരീരത്തിന്റെ പല ഭാഗത്തും ആകാശ നീലനിറം ടാറ്റുവുണ്ട്.റിസോർട്ടിലെ മുറിയിൽ മാത്രമല്ല കടൽക്കരയിൽനിന്നു പകർത്തിയ ചിത്രത്തിന്റെ പശ്ചാത്തലത്തിലും എല്ലാം ആകാശനീല. മാലദ്വീപ് ഇപ്പോഴും മനംമയക്കുന്നു. എന്നു എന്റെ പ്രിയ ഡെസ്റ്റിനേഷൻ.
യാത്രകൾക്ക് കൂട്ടേകാൻ ചെറുപ്രായത്തിൽ കിയ സെൽറ്റോസ് സ്വന്തമാക്കിയപ്പോൾ എന്തായിരുന്നു മനസിൽ?
കുറെനാളത്തെ സ്വപ്നമാണ് ഒരു കാർ സ്വന്തമാക്കുകയെന്നത്. വീട്ടുകാർക്കും സുഹൃത്തുക്കൾക്കും മുന്നിൽ സ്വന്തമാക്കിയപ്പോൾ അതു അഭിമാനനിമിഷമായി മാറി. ഏറ്റവും നന്ദി ദൈവത്തിനും വീട്ടുകാർക്കുമാണ്. കഠിനാദ്ധ്വാനം ചെയ്താൽ ഏതു ആഗ്രഹവും സഫലമാകുമെന്ന് വാഹനം സ്വന്തമാക്കിയപ്പോൾ തിരിച്ചറിഞ്ഞു. എന്റെ പ്രായമുള്ള പെൺകുട്ടികൾക്ക് ഇത് പ്രചോദനമായി ചെറിയ രീതിയിലെങ്കിലും മാറുമെന്നാണ് കരുതുന്നത്. അതിൽ സന്തോഷമുണ്ട്. കാറിൽ യാത്ര ചെയ്ത് നന്നായി അടിച്ചുപൊളിക്കണമെന്നുണ്ട്. പതിനെട്ടുവയസായെങ്കിലും ലോക് ഡൗൺ കാരണം ലൈസൻസെടുക്കാൻ പോവാൻ കഴിഞ്ഞില്ല. ലോക് ഡൗൺ സമയത്താണ് വാഹനം വാങ്ങിയത്. അതിനാൽ വീട്ടിൽ നിന്നു പുറത്തിറക്കാൻ കഴിഞ്ഞില്ല. ഇപ്പോഴത്തെ സാഹചര്യം മാറിയാൽ ഒന്നു അടിച്ചുപൊളിക്കണം.
വസ്ത്രധാരണത്തിന്റെയും അതീവ ഗ്ളാമറസായുള്ളഫോട്ടോ ഷൂട്ടിന്റെയും പേരിൽ സമൂഹമാദ്ധ്യമത്തിൽ സദാചാര കമ്മിറ്റിക്കാരുമായുള്ള അടിപിടി ഉടനെങ്ങാനും തീരുമോ?
എന്തു ചെയ്യണമെന്നത് എന്റെ ഇഷ്ടമാണ്. സിനിമയിൽ വന്ന അന്നുമുതൽ സോഷ്യൽ മീഡിയയിൽനിന്ന് വിലയിരുത്തൽ അഭിമുഖീരിക്കുന്നു.വിമർശനം നടത്തുന്നവരോട് പറയട്ടെ, എന്നെ വിലയിരുത്താൻ ആർക്കും അവകാശമില്ല. ഞാൻ ആരെയും വിലയിരുത്തുന്നില്ല. വ്യക്തി പരമായി ഒരാളെ അറിയാതെ വിമർശിക്കാൻ വരരുത്. എന്റെ വസ്ത്രധാരണത്തെയാണ് എറെ അധിക്ഷേപിക്കുന്നത്. എനിക്ക് അത് വൾഗറായി തോന്നുന്നില്ല. ഇഷ്ടമായതിനാൽ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്.സിനിമയിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന പണം കൊണ്ടാണ് വാങ്ങുന്നത്.എനിക്ക് അതിൽ അഭിമാനമാണ്. എവിടെ എന്തു മോശം അതിനെ പ്രോത്സാഹിപ്പിക്കുന്നവരാണ്
മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരാളെ സമൂഹമാദ്ധ്യമത്തിൽ ആക്രമിക്കുക അവർക്ക് രസമാണ്. നെഗറ്റീവിറ്റികളെ മലയാളികൾ ഏറ്റവും പിന്തുണയ്ക്കുന്നു. ഇത് ഒരുപക്ഷേ എന്റെ തോന്നലാവാം. നല്ലത് കണ്ടാൽ അത് തുറന്നുപറയാൻ മടിക്കുന്നവരാണ് മലയാളികൾ. മുൻപത്തേതിൽനിന്ന് വിമർശിക്കുന്നത് കുറഞ്ഞിട്ടുണ്ട്. നല്ല രീതിയിൽ പിന്തുണയ്ക്കുന്നവരുമുണ്ട്. രണ്ടുതരം ആളുകൾ. അത് യാഥാർത്ഥ്യമാണ്. അനുഭവമാണ് ഒരു ആളിനെ നല്ല വ്യക്തിത്വത്തിനുടമയാക്കുന്നതെന്ന് വിശ്വസിക്കുന്നു.
യു ട്യൂബ് ചാനലിന് വേണ്ടി കൂടുതൽ സമയം നീക്കിവയ്ക്കുന്നണ്ടല്ലേ ?
ഞാൻ എന്താണെന്ന് മറ്റുള്ളവർ അറിയണം. ഇൻസ്റ്റാഗ്രാമിൽ അതിനുള്ള സ്പേസ് കുറവാണ്.എന്നാൽ രണ്ടും ആളുകളുമായി സംവദിക്കുന്ന ഇടങ്ങൾ. അത് രണ്ട് രീതിയിലാണെന്ന് മാത്രം.യു ട്യൂബ് ചാനലിലൂടെ കൂടുതൽ ആളുകളിലേക്ക് എത്താൻ കഴിയുന്നു. ജീവിതത്തിൽ ഇങ്ങനെയൊക്കെ ഞാൻ ചെയ്യുന്നത് അറിയിക്കാൻ കൂടിയാണ് യുട്യൂബ് ചാനൽ.എല്ലാം ആളുകളിലേക്ക് എത്തുന്നു. അത്തരമൊരു പ്ളാറ്റ് ഫോം വേണമെന്ന ആഗ്രഹത്തിലാണ് യു ട്യൂബ് ചാനൽ ആരംഭിച്ചത്. മിക്ക താരങ്ങൾക്കുമുണ്ട്. അപ് ഡേഷൻസ് ക്യത്യമായി നടത്തുന്നു. എല്ലാവരുടെയും ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെയാണ്. മറ്റൊരു ഇടമില്ല. സോഷ്യൽ മീഡിയയിൽനിന്ന് വലിയ പിന്തുണ ലഭിക്കുന്നു. സിനിമ കണ്ട് കൃത്യമായ അഭിപ്രായം അറിയിക്കുന്നു. നല്ലതും മോശവുമായ കമന്റുകൾ. എല്ലാം ഉൾക്കൊള്ളാറുണ്ട്.
യുവനായികമാരിൽ സ ്റ്റെലിഷ് സ്റ്റാർ എന്നു വിശേഷിപ്പിക്കുമ്പോൾ എന്താണ് സാനിയയുടെ ഫാഷൻ സങ്കല്പം?
കംഫർട്ടായ വേഷം ധരിക്കുക. അനുയോജ്യമായ വസ്ത്രമാണ് ധരിക്കുന്നതെന്ന നല്ല വിശ്വാസമുണ്ട്. അപ്പോൾ എന്നെ ആളുകൾ ശ്രദ്ധിക്കുന്നു. ഇതിന് പിന്നിൽ എന്റെ എഫർട്ടല്ല. എന്റെ സ്റ്റെയിലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ്, കോസ്റ്റ്യൂം ഡിസൈനർ, എല്ലാവരുടെയും കൂട്ടായ്മ. അവർ പുതുമ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് എന്നെ വ്യത്യസ്ത രീതിയിൽ കാണാൻ കഴിയുന്നത്. മോഡേൺ വസ്ത്രധാരണം മാത്രമല്ല ഇന്ത്യനും ക്ളാസിക്കും എല്ലാം ഇഷ്ടമാണ്. ഇപ്പോഴത്തെ സാഹചര്യം മാറിയാൽ വേറിട്ട ലുക്കിൽ ഫോട്ടോ ഷൂട്ട് പ്രതീക്ഷിക്കാം. ഫാഷൻ ലോകത്തെ പിന്തുടരുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. അവിടെ ഉണ്ടാവുന്ന ചെറിയ മാറ്റം പോലും ശ്രദ്ധിക്കാറുണ്ട്. വേഷവിധാനത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ എപ്പോഴും ശ്രദ്ധിക്കുന്നു. അതുകൊണ്ട് എത്ര സമയം എടുത്താലും നല്ല ഔട്ട്ഫിറ്റ് ചെയ്യണമെന്ന് നിർബന്ധമുണ്ട്.
സിനിമയിൽ സൗഹൃദങ്ങൾ കുറവുള്ള ആളാണോ?
ആരുമായും വലിയ അടുപ്പമില്ല. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന ആളല്ല. സ്കൂളിൽ പഠിക്കുമ്പോഴും കൂട്ടുകാരില്ലായിരുന്നു. ആത്മാർത്ഥ സുഹൃത്തുക്കൾ വേണമെന്നാണ് അഭിപ്രായം.സിനിമയുടെ ഭാഗമായ ഫോട്ടോഗ്രാഫർമാർ, മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്നിവരുമായി സൗഹൃദമുണ്ട്.ഫോട്ടോഗ്രാഫർ യാമി മേക്കപ്പ് ആർട്ടിസ്റ്റുകളായ ആഷ്ന, സാംസൻ ലീ എന്നിവരാണ് ഏറ്റവും അടുത്ത സുഹൃത്തുക്കൾ. സാംസൻലിയോടൊപ്പമായിരുന്നു മാലദ്വീപ് യാത്ര.